പത്തനംതിട്ട: ഒരു മാസത്തെ ഇടവേളക്ക് ശേഷം റോബിൻ ബസ് വീണ്ടും റോഡിലേക്ക്. മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത ബസ് കോടതി ഉത്തരവിനെ തുടർന്നാണ് ഉടമ ഗിരീഷിന് തിരികെ കിട്ടുന്നത്. പെർമിറ്റ് ലംഘനത്തിന് ചുമത്തിയിരുന്ന 82,000 രൂപ അടച്ചതിനെ തുടർന്നാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
ഡിസംബർ 26ന് രാവിലെ മുതൽ ബസ് ഓടിത്തുടങ്ങുമെന്ന് ഉടമ ഗീരീഷ് അറിയിച്ചു. പിഴയൊടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവും പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റു ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പിഴത്തുക അടച്ചശേഷം ബസ് വിട്ടുനൽകാൻ അധികൃതർ തയാറാകുന്നില്ലെന്നു കാട്ടി ഗിരീഷ് കോടതിയെ സമീപിക്കുകയായിരുന്നു.
നവംബർ 23നു പുലർച്ചെ കോയമ്പത്തൂരിൽനിന്നു പത്തനംതിട്ടയിലേക്കു മടങ്ങിയെത്തിയപ്പോഴാണ് വൻ പൊലീസ് സന്നാഹത്തോടെ മോട്ടർ വാഹന വകുപ്പ് അധികൃതർ ബസ് പിടിച്ചെടുത്തത്. തുടർന്ന്, ബസ് പിടിച്ചെടുക്കാന്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടെന്നും ഇതിന്റെ ലംഘനമാണ് ഉദ്യോഗസ്ഥര്‍ നടത്തിയതെന്നും കാട്ടിയാണ് ഉടമ ഗിരീഷ് കേസുമായി മുന്നോട്ട് പോയത്.
ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് എംവിഡി കടന്നിരുന്നെങ്കിലും ഈ നീക്കം ഹൈക്കോടതി മരവിപ്പിക്കുകയായിരുന്നു. കൂടാതെ, ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജായി ഓടിക്കാനാകുമോയെന്ന വിഷയത്തിൽ വ്യക്തത തേടി ബസ് ഉടമകൾ സമർപ്പിച്ച ഹർജി ജനുവരി അഞ്ചിന് പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
Discussion about this post