തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന് എതിരെ മത്സരിച്ചാലും തന്നെ തോൽപ്പിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. തിരുവനന്തപുരത്ത് മത്സരിക്കണോ എന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഞാൻ തയാറാണ്. പാർട്ടി ആവശ്യപ്പെട്ടാൽ ഞാൻ മത്സരിക്കുമെന്നും തരൂർ പറഞ്ഞു. അടുത്ത തവണത്തേത് ലോക്‌സഭയിലേക്കുള്ള തന്റെ അവസാനത്തെ അങ്കമായിരിക്കുമെന്നും ശശി തരൂർ പറഞ്ഞു.
തിരുവനന്തപുരത്തുനിന്ന് വീണ്ടും മത്സരിക്കാൻ തയ്യാറാണ്. പക്ഷേ ഇതുസംബന്ധിച്ച് അന്തിമതീരുമാനം എടുക്കേണ്ടത് പാർട്ടിയാണ്. എന്നോട് പാർട്ടി ആവശ്യപ്പെട്ടാൽ ഞാൻ മത്സരിക്കും. അങ്ങനെയെങ്കിൽ ലോക്‌സഭയിലേക്കുള്ള എന്റെ അവസാനത്തെ മത്സരമായിരിക്കുമത്’, ശശി തരൂർ പറഞ്ഞു.
എതിരാളി നരേന്ദ്ര മോദി ആയാലും പ്രശ്‌നമില്ല. ഞാൻ ചെയ്ത സേവനങ്ങൾ ജനങ്ങൾ കണ്ടിട്ടുണ്ട്. എൻറെ ഗുണങ്ങളും കഴിവുകളും കഴിവില്ലായ്മയുമെല്ലാം ജനം കണ്ടിട്ടുണ്ട്. അവർക്ക് മതിയായി എന്ന് തോന്നിയാൽ എം.പിയെ മാറ്റാൻ അവർക്ക് അവകാശമുണ്ടെന്ന് ശശി തരൂർ പറയുന്നു.
രാഷ്ട്രീയത്തിൽ വരുമ്പോൾ വിദേശകാര്യ മന്ത്രിയാകുക എന്നത് ആഗ്രഹമായിരുന്നു. ഇനി അത് ജനങ്ങളുടെ കൈയിലാണ്. പാർട്ടി ആവശ്യപ്പെട്ടാൽ നാലാമത്തെ തവണ, അവസാനത്തെ തവണയായിരിക്കും എം.പി ആകുകയെന്നും അദ്ദേഹം പറഞ്ഞു
Discussion about this post