നാഗ്പൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് നാഗ്പൂരിൽ കോൺഗ്രസിന്റെ റാലി. ഹാ തയ്യാർ ഹം റാലിയിൽ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പങ്കെടുത്തു. ബിജെപിക്കെതിരായ പോരാട്ടം അധികാരത്തിന് വേണ്ടിയല്ല, ആശയങ്ങൾ തമ്മിലുളള യുദ്ധമാണെന്ന് റാലിയിൽ രാഹുൽ പറഞ്ഞു.
ബിജെപിയിൽ അടിമത്വമാണെന്നും രാജാക്കൻമാരുടെ രീതിയാണെന്നുമുളള വിചിത്ര ആരോപണങ്ങളും രാഹുൽ റാലിയിൽ തട്ടിവിട്ടു. രാജ്യത്ത് ഇപ്പോൾ ആശയപരമായ ഒരു യുദ്ധം നടക്കുന്നുണ്ട്. ആളുകൾ അത് രാഷ്ട്രീയ യുദ്ധമെന്നാണ് കരുതുന്നത്. പക്ഷെ ആ യുദ്ധത്തിന്റെ അടിസ്ഥാനം ആശയമാണ്. പരസ്പര വിരുദ്ധമായ രണ്ട് ആശയങ്ങൾ രാഹുൽ കൂട്ടിച്ചേർത്തു
കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഒരു എംപിയാണ് ബിജെപിയിൽ അടിമത്വമാണെന്ന് തന്നോട് പറഞ്ഞത്. പാർലമെന്റിൽ നിരവധി എംപിമാർ ഉണ്ട്. അവരിൽ പലരും കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയവരാണ്. ആ കൂട്ടത്തിൽ ഒരാൾ തന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. അയാളാണ് ബിജെപിയിൽ അടിമത്വമാണെന്ന് പറഞ്ഞത്. രാഹുൽ പറഞ്ഞു.
പാർട്ടി ഉന്നത നേതാക്കളുടെ ഉത്തരവ് അനുസരിക്കാൻ നിർബന്ധിക്കുകയാണെന്നും ഇയാൾ പറഞ്ഞതായി രാഹുൽ കൂട്ടിച്ചേർത്തു. നേതൃത്വത്തിൽ നിന്ന് വരുന്ന നിർദ്ദേശങ്ങൾ രണ്ടാമതൊന്ന് ആലോചിക്കാതെ അനുസരിക്കേണ്ടി വരികയാണ്. രാജഭരണത്തിന്റെ രീതിയാണ്. ആരെയും കേൾക്കുന്നില്ല. ഉത്തരവുകൾ മുകളിൽ നിന്ന് വരികയാണ്. പക്ഷെ കോൺഗ്രസിലെ ശബ്ദം അടിത്തട്ടിൽ നിന്നാണ് വരുന്നതെന്നും രാഹുൽ പറഞ്ഞു.
ഞങ്ങളുടെ ചെറിയ പ്രവർത്തകർക്ക് പോലും വലിയ നേതാക്കളെ ചോദ്യം ചെയ്യാം. ഞാൻ നമ്മുടെ പ്രവർത്തകരെ ശ്രവിക്കാറുണ്ട്. അവരുടെ ശബ്ദത്തെ മാനിക്കാറുണ്ട്. രാഹുൽ പറഞ്ഞു. നാഗ്പൂരിൽ രണ്ട് ആശയങ്ങളുണ്ടെന്ന് ആയിരുന്നു മല്ലികാർജ്ജുൻ ഖാർഗെയുടെ വാക്കുകൾ. ഒന്ന് പുരോഗമനപരമാണ്. അത് ബാബ സാഹെബ് അംബേദ്ക്കറുടേതാണ്. മറ്റൊന്ന് ആർഎസ്എസിന്റെയാണെന്നും ഖാർഗെ പറഞ്ഞു.
അതേസമയം രാഹുലിന്റെ വാക്കുകൾ ആരും ഗൗരവത്തോടെ എടുക്കില്ലെന്ന് ആയിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസിന്റെ പ്രതികരണം.
Discussion about this post