തിരുവനന്തപുരം: രാമചന്ദ്രൻ കടന്നപ്പളളിയും കെബി ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഒറ്റ എംഎൽഎമാർ മാത്രമുളള എൽഡിഎഫിലെ കക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കുവെയ്ക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് മാറ്റം. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനങ്ങൾ രാജിവെച്ചിരുന്നു. ഈ ഒഴിവുകളിലേക്കാണ് രാമചന്ദ്രൻ കടന്നപ്പളളിയും കെബി ഗണേഷ് കുമാറും എത്തുന്നത്.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് ഗണേഷ് കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തത്. നവംബറിൽ രണ്ടര വർഷം പൂർത്തിയായിരുന്നെങ്കിലും നവകേരള യാത്ര ആരംഭിച്ചതിനാൽ ആന്റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും ഒരു മാസം കൂടി നീട്ടി നൽകുകയായിരുന്നു.
മന്ത്രിമാരുടെ വകുപ്പുമാറ്റം ഉൾപ്പെടെയുളള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. ഗണേഷ് കുമാറിന് നേരത്തെ കൈകാര്യം ചെയ്തിരുന്ന സിനിമാ വകുപ്പ് ലഭിക്കാൻ ഇടയില്ല. നിലവിൽ സജി ചെറിയാന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലാണ് സിനിമ വരുന്നത്. അത് മാറ്റേണ്ടെന്നാണ് തീരുമാനമെന്ന് അറിയുന്നു. ജനുവരി മൂന്നിനാണ് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി ആദ്യ മന്ത്രിസഭാ യോഗം ചേരുക.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
Discussion about this post