ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ആയുധ ശേഖരം പിടിച്ചെടുത്ത് പോലീസ്. പൂഞ്ച് ജില്ലയിൽ നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പൂഞ്ചിലെ കസ്ബ്ലാരി മേഖലയിൽ നിന്നുമാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. മേഖലയിൽ പ്രദേശവാസികൾ അല്ലാത്തവരുടെ സാന്നിദ്ധ്യം ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. മൂന്ന് പിസ്റ്റലുകൾ, നാല് ഗ്രനേഡുകൾ, സ്‌ഫോടക വസ്തുക്കൾ, 64 വെടിയുണ്ടകൾ, ആറ് മാഗസിനുകൾ എന്നിവയാണ് പിടിച്ചെടുത്തത്. പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിൽ ആയിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ഈ വീട് സീൽ ചെയ്തു.
പാകിസ്താനിൽ നിന്നും ഭീകരാക്രമണങ്ങൾക്കായി കടത്തിക്കൊണ്ട് വന്ന ആയുധങ്ങൾ ആണ് ഇവയെന്നാണ് സംശയിക്കുന്നത്. ആയുധങ്ങൾ പോലീസ് ഊർജ്ജിതമായി പരിശോധിച്ചുവരികയാണ്. പ്രദേശവാസികളിൽ നിന്നും മൊഴിയെടുത്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post