തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പുതിയ ഗാനം പുറത്ത്. സായ് പ്രൊഡക്ഷൻ ഹൗസ് കേരള സിഎം എന്ന പേരിലാണ് പുതിയ ഗാനം പുറത്ത് വിട്ടിരിക്കുന്നത്. മണിക്കൂറുകൾക്കകം ചർച്ചയായ ഗാനത്തിന് നേരെ ട്രോൾ വർഷമാണ് ഉയരുന്നത്.
പിണറായി വിജയൻ, നാടിന്റെ അജയൻ’ എന്നു തുടങ്ങുന്ന പാട്ടിൽ തീയിൽ കുരുത്ത കുതിര, കൊടുങ്കാറ്റിൽ പറക്കും കഴുകൻ, മണ്ണിൽ മുളച്ച സൂര്യൻ, മലയാള നാടിന്റെ മന്നൻ എന്നു തുടങ്ങി മാസ്സ്, ക്ലാസ്, പുലി, സിംഹം, നായകൻ, പടച്ചേവകൻ എന്നെല്ലാമുള്ള വിശേഷണങ്ങൾ പിണറായിക്കുണ്ട്. നാടിന്റെ അജയ്യനായും മലയാള നാടിന്റെ മന്നനായും പിണറായിയെ സ്തുതിക്കുന്ന പാട്ടിൽ ഇടതുപക്ഷ പക്ഷികളിലെ ഫീനിക്‌സ് എന്നാണ് മറ്റൊരു വിശേഷണം.
”പിണറായി വിജയൻ…നാടിന്റെ അജയ്യൻ…നാട്ടാർക്കെല്ലാം സുപരിചിതൻ…തീയിൽ കുരുത്തൊരു കുതിരയെ… കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനെ… മണ്ണിൽ മുളച്ചൊരു സൂര്യനെ…മലയാള നാടിൻ മന്നനെ…’എന്നിങ്ങനെയാണ് ഗാനത്തിന്റെ വരികൾ തുടങ്ങുന്നത്. നിഷാന്ത് നിളയാണ് വരികളും സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസ് വിവാദം ഉൾപ്പടെയുള്ളവ ആസൂത്രിതമാണെന്നാണ് വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്. വെള്ളപ്പൊക്കവും കൊവിഡുമുൾപ്പടെയുള്ള പ്രതിസന്ധികൾ പിണറായിയുടെ മുന്നേറ്റത്തിന് തുണയായതായും വീഡിയോയിൽ പറയുന്നുണ്ട്. എട്ട് മിനിറ്റോളം ദൈർഘ്യമുള്ള പാട്ടിൽ പിണറായിയുടെ ചെറുപ്പകാലം മുതൽ കൗമാരകാലം വരെയും ആവിഷ്‌കരണവുമുണ്ട്.ഗാനത്തിന് സിപിഎമ്മുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
പിണറായിയെ സ്തുതിക്കുന്ന പാട്ടുമായി സിപിഎം വനിതകൾ ഒരുവർഷം മുൻപു തിരുവാതിര കളിച്ചത് വെെറലായിരുന്നു. ‘ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന സഖാവിനു നൂറുകോടി അഭിവാദ്യങ്ങൾ, ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവു തന്നെ’ തുടങ്ങിയവയായിരുന്നു വരികൾ
Discussion about this post