ഇടുക്കി: എംഎം മണി എംഎൽഎയുടെ സഹോദരന്റെ സ്ഥാപനത്തിൽ ജിഎസ്ടി വകുപ്പിന്റെ പരിശോധന. നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ മണിയുടെ സഹോദരൻ ലംബോധരന്റെ സ്ഥാപനത്തിലാണ് പരിശോധന. നിർണായക രേഖകൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.
ലംബോധരന്റെ ഉടമസ്ഥതയിൽ അടിമാലി ഇരുട്ടുകാനത്ത് പ്രവർത്തിക്കുന്ന ഹൈറേഞ്ച് സ്‌പൈസസിൽ ആണ് പരിശോധന. സ്ഥാപനം ആദായ നികുതി അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതായി വകുപ്പിന് പരാതി ലഭിച്ചിരുന്നു. ഇതിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമായിരുന്നു ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ എത്തിയത്.
രാവിലെ 10 മണിയോടെയായിരുന്നു ഉദ്യോഗസ്ഥർ എത്തിയത്. സാമ്പത്തിക ഇടപാടിന്റെ രേഖകളാണ് പരിശോധിച്ചത്. ഇപ്പോഴും പരിശോധന തുടരുകയാണെന്നാണ് വിവരം. പരിശോധന പൂർത്തിയാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഇടുക്കി സിപിഎമ്മിൽ പ്രാദേശിക വിഷയവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനിടെ ആയിരുന്നു ഹൈറേഞ്ച് സ്‌പൈസസിനെതിരെ പരാതി ഉയർന്നത്.
Discussion about this post