പാലക്കാട്: തൃത്താലയിൽ വൻ കഞ്ചാവ് വേട്ട. വാഹനത്തിൽ കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ മിറാസുൾ ഇസ്ലാം, റസീതുൾ ഇസ്ലാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ അർദ്ധ രാത്രി തൃത്താല -വി കെ. കടവ് റോഡിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ ആയിരുന്നു സംഭവം. ഇരുചക്രവാഹനത്തിൽ കഞ്ചാവ് കടത്തിക്കൊണ്ട് വരികയായിരുന്നു പ്രതികൾ. ഇതിനിടെ എക്‌സൈസിന്റെ പിടിയിൽ ആകുകയായിരുന്നു. ഉണക്ക കഞ്ചാവാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. തൃത്താല, കൂറ്റനാട് പ്രദേശങ്ങളിലെ വിവിധ ഭാഷാ തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യം വച്ച് കഞ്ചാവ് കച്ചവടം നടത്തി വരുന്നവരാണ് പ്രതികൾ എന്ന് എക്‌സൈസ് അറിയിച്ചു.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തൃത്താല ടൗണിനു സമീപത്തെ നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
തൃത്താല മേഖലയിൽ നിന്ന് കഴിഞ്ഞ മൂന്നു മാസത്തിനിടെ കണ്ടു പിടിച്ച 12 മയക്കുമരുന്ന് കേസുകളിൽ അഞ്ചാമത്തെ വലിയ മയക്കുമരുന്ന് കേസാണിത്. എക്‌സൈസ് ഇൻസ്പെക്ടർ എം യുനസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അടുത്തിടെയായി തൃത്താലയിൽ ലഹരി വിൽപ്പന വ്യാപകമാകുന്നുണ്ട്.
Discussion about this post