വയനാട്: ബെക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പട്ടാളക്കാരനായ യുവാവിനെ പോലീസ് തല്ലിച്ചതച്ചതായി പരാതി. പുൽപ്പള്ളി സ്വദേശിയായ കെ.എസ് അജിത്തിനെയാണ് പോലീസ് ആക്രമിച്ചത്. മർദ്ദനത്തിൽ അജിത്തിന്റെ കാൽ ഒടിഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അവധിയ്‌ക്കെത്തിയ അജിത്ത് പ്രദേശത്തെ ഉത്സവത്തിന് പോയതായിരുന്നു. ബൈക്ക് പാർക്ക് ചെയ്യാൻ സ്ഥലമിത്താതെ വന്നതോടെ അജിത് നോ പാർക്കിംഗ് ഏരിയയിൽ ബൈക്ക് പാർക്ക് ചെയ്യാൻ ശ്രമിച്ചു. ഇത് കണ്ടെത്തിയ പോലീസ് അജിത്തിനെ അസഭ്യം പറയുകയായിരുന്നു.
താൻ സൈനികൻ ആണെന്നും അസഭ്യം പറയരുതെന്നും അജിത് പറഞ്ഞു. എന്നാൽ പട്ടാളക്കാരന് കൊമ്പുണ്ടോയെന്ന് ചോദിച്ച് ഉത്സവപ്പറമ്പിൽവച്ച് പോലീസ് അജിത്തിനെ മർദ്ദിക്കുകയായിരുന്നു. ലാത്തികൊണ്ട് പോലീസുകാരിൽ ഒരാൾ ആദ്യം തുടയ്ക്ക് അടിച്ചു. പിന്നീട് ഒപ്പമുണ്ടായിരുന്ന രണ്ട് പോലീസുകാരും കൂടിയെത്തി മർദ്ദിച്ചു. മർദ്ദനം അസഹനീയമായതോടെ അജിത് പോലീസുകാരെ തള്ളിമാറ്റി. ഇതിൽ അരിശം പൂണ്ട പോലീസുകാർ യുവാവിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇവിടെ വച്ചും അതിക്രൂരമായി അജിതിനെ പോലീസ് മർദ്ദിച്ചു. ലോക്കപ്പിനുള്ളിൽവച്ച് ചവിട്ടി കൂട്ടി. കാലൊടിഞ്ഞെന്ന് പറഞ്ഞിട്ടും അവർ വിട്ടില്ലെന്ന് അജിത് പറയുന്നു. അവശനായതോടെ പിന്നീട് പോലീസുകാർ അജിത്തിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുപിയിലെ ഝാൻസിയിൽ കരസേനയിൽ ലാൻസ് നായിക് ആയി സേവനം അനുഷ്ടിച്ച് വരികയാണ് അജിത്.












