തിരുവനന്തപുരം: കുസാറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ. കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനം. കുസാറ്റിൽ ഉണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേരായിരുന്നു കൊല്ലപ്പെട്ടത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബുധനാഴ്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഇതിലാണ് സമാശ്വാസ സഹായം നൽകാൻ തീരുമാനിച്ചത്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിക്കാനും തീരുമാനം ആയി.
റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രിസഭാ യോഗം ചർച്ച ചെയ്തു. വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്ത് ഗവർണ്ണറോടൊപ്പം മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കും. കൊല്ലത്ത് കെബി ഗണേഷ് കുമാർ, പത്തനംതിട്ടയിൽ വീണാ ജോർജ്ജ്, ആലപ്പുഴ പി പ്രസാദ്, കോട്ടയത്ത് വിഎൻ വാസവൻ, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, എറണാകുളത്ത് കെ രാജൻ, തൃശ്ശൂരിൽ കെ രാധാകൃഷ്ണൻ, പാലക്കാട് കെ കൃഷ്ണൻകുട്ടി, മലപ്പുറത്ത് ജിആർ അനിൽ, കോഴിക്കോട് പിഎ മുഹമ്മദ് റിയാസ്, വയനാട് എകെ ശശീന്ദ്രൻ, കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളി, കാസർകോട് വി അബ്ദുറഹ്‌മാൻ എന്നിവർ അഭിവാദ്യം സ്വീകരിക്കും.
സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ സുഗമമായ പ്രവർത്തനത്തിനായി കൂടുതൽ തസ്തികകൾ സൃഷ്ടിച്ചു. 28 സയൻറിഫിക് ഓഫീസർ തസ്തികകൾ ആണ് സൃഷ്ടിച്ചത്. എയ്‌റോസ്‌പെയ്‌സ് കൺട്രോൾ സിസ്റ്റംസ് സെൻററിന് സ്ഥലം ലഭ്യമാക്കാൻ തുക അനുവദിക്കാനും യോഗത്തിൽ തീരുമാനം ആയി. ഐ ടി കോറിഡോർ / സാറ്റലൈറ്റ് പാർക്കുകൾ സ്ഥാപിക്കുന്നതിന് കിഫ്ബിയിൽ നിന്നും 1000 കോടി അനുവദിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
Discussion about this post