ആലപ്പുഴ: കാർഷിക വായ്പ ലഭിക്കാത്തതിൽ പ്രതിസന്ധിയിൽ ആയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ആശ്വാസമായി മുംബൈ മലയാളി. കുടുംബത്തിന് ലോൺ കുടിശ്ശിക അടയ്ക്കുന്നതിനുള്ള പണം നൽകി. 17,600 രൂപയാണ് കുടുംബത്തിന് പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷനിൽ തിരികെ അടയ്‌ക്കേണ്ടത്.
അഞ്ച് ദിവസത്തിനുള്ളിൽ കുടിശ്ശിക അടയ്ക്കണം എന്നും അല്ലാത്ത പക്ഷം വീടും സ്ഥലവും ജപ്തി ചെയ്യുമെന്നും ചൂണ്ടിക്കാട്ടി കോർപ്പറേഷൻ പ്രസാദിന്റെ ഭാര്യ ഓമനയ്ക്ക് ജപ്തി നോട്ടീസ് നൽകിയിരുന്നു. ഇത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായതിന് പിന്നാലെ ആയിരുന്നു മുംബൈ മലയാളി സഹായവുമായി രഗത്ത് എത്തിയത്. പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാൽ മതിയെന്ന് പറഞ്ഞായിരുന്നു അദ്ദേഹം പണം കൈമാറിയത്. പ്രതിസന്ധി ഘട്ടത്തിൽ സഹായഹസ്തവുമായി എത്തിയ അദ്ദേഹത്തിന് ഓമന നന്ദി പറഞ്ഞു.
2022 ഓഗസ്റ്റിൽ ഓമന കോർപ്പറേഷനിൽ നിന്നും സ്വയം തൊഴിലിനായി 60,000 രൂപ വായ്പയെടുത്തിരുന്നു. എന്നാൽ 11,000 രൂപ മാത്രമാണ് തിരികെ അടച്ചത്. ബാക്കി തുക അടയ്ക്കാൻ കഴിയാത്തതിനാൽ കുടിശ്ശിക ആയി. ഇതേ തുടർന്നാണ് കോർപ്പറേഷൻ ജപ്തി നോട്ടീസ് അയച്ചത്.
കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. കൃഷി സ്ഥലത്ത് വളമിടാൻ 50,000 രൂപ വായ്പ ബാങ്കിൽ നിന്നും ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതിൽ മനംനൊന്തായിരുന്നു പ്രസാദ് ജീവനൊടുക്കിയത്.
Discussion about this post