തിരുവനന്തപുരം: കോഴിക്കോട് കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയിൽ എം ടി വാസുദേവൻ നായർ നടത്തിയ പരാമർശം ദുർവ്യാഖ്യാനം ചെയ്യുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.
എം.ടിയുടെ വാക്കുകൾ കേന്ദ്ര സർക്കാരിനെ ഉദ്ദേശിച്ചുള്ളതാണെന്നും വിമർശനം കേന്ദ്ര സർക്കാരിന് നേരെയുള്ള കുന്തമുനയാണെന്നും ഇപി ജയരാജൻ പറഞ്ഞു. എം.ടി യുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യം പാർട്ടി നേരത്തെ ചർച്ച ചെയ്തതാണ്. അതിന് കേരളത്തിലെ സാഹചര്യവുമായി ബന്ധമില്ലെന്നും രാജ്യത്തിന്റെ അവസ്ഥയിൽ മനം നൊന്താവും എം ടി യുടെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയോട് ജനങ്ങൾക്കുള്ളത് വീരാരാധനയാണ്. പലർക്കും എന്നപോലെ തനിക്കും പിണറായി മഹാനാണ്. അയ്യൻകാളി, ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭൻ, എകെജി, ഇഎംഎസ്, മഹാത്മാഗാന്ധി എന്നിവരുടെയൊക്കെ ചിത്രങ്ങൾ വച്ച് ആരാധിക്കാറുണ്ട്. ഇതുപോലെയാണ് പിണറായിയോടുള്ള ബഹുമാനവും,’ ഇപി വ്യക്തമാക്കി
അധികാരത്തെയും അധികാരികൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടത്തെയും അതുവഴി വരുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷഭാഷയിലാണ് വിമർശിച്ചത്.അധികാരം ആധിപത്യമോ സർവ്വാധിപത്യമോ ആകാം. ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമാണ് അധികാരം എന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടിക്കഴിഞ്ഞു. റഷ്യൻ വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം, ആരാധകരാക്കാം. ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി ആഞ്ഞടിച്ചിരുന്നു. തെറ്റ് പറ്റിയാൽ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്ന് പറഞ്ഞ എം ടി, ഇഎംഎസിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന സങ്കൽപ്പത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാഞ്ഞതും അതുകൊണ്ടു തന്നെയാണെന്നും എം ടി പറഞ്ഞു. എംടിയുടെ മുഖ്യപ്രഭാഷണം കഴിഞ്ഞയുടൻ പിണറായി വേദി വിട്ടിരുന്നു.
Discussion about this post