തിരുവനന്തപുരം: വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജികിനെതിരായ കേന്ദ്ര അന്വേഷണത്തിൽ മൗനം വെടിഞ്ഞ് മന്ത്രിയും ഭർത്താവുമായ മുഹമ്മദ് റിയാസ്. ഇപ്പോഴത്തെ ആരോപണം പുതിയത് അല്ലെല്ലോയെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
എക്‌സാലോജികിനെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ മുഹമ്മദ് റിയാസിൽ നിന്നും മാദ്ധ്യമങ്ങൾ പ്രതികരണം ആരാഞ്ഞിരുന്നു. എന്നാൽ റിയാസ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇത് വലിയ ചർച്ചയായതോടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്ത് എത്തിയത്.
ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ പുതിയത് അല്ല. എല്ലാം നേരത്തെ ഉയർന്ന് വന്ന കാര്യങ്ങൾ അല്ലേ?. ഇതൊക്കെ കുറേ കണ്ടതല്ലേ?. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുകയല്ലേ. ഇപ്പോഴത്തെ അന്വേഷണം അതിന്റെയാണെന്നും റിയാസ് കൂട്ടിച്ചേർത്തു.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും പണം കൈപ്പറ്റിയ സംഭവത്തിലാണ് എക്‌സാലോജികിനെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എക്‌സാലോജികിന് പണം നൽകിയതിൽ സിഎംആർഎല്ലിനെതിരെയും അന്വേഷണം ഉണ്ട്. മൂന്ന് അംഗ സമിതിയെ ഇതിനായി ചുമതലപ്പെടുത്തിയ കേന്ദ്രം, നാല് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post