ചണ്ഡീഗഡ്: എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശ്വാസകോശത്തിനുള്ളിൽ കട്ടപിടിച്ച രക്തം നീക്കി ഹരിയാനയിലെ ഡോക്ടർമാർ. ഗുരുഗ്രാമിലുള്ള മെഡാന്ത ആശുപത്രിയാണ് ആദ്യമായി കട്ടപിടിച്ച രക്തം നീക്കാൻ എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതോടെ ആശുപത്രി നിർണായക നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത് എന്ന് ഡോക്ടർമാർ പ്രതികരിച്ചു.
62 കാരന്റെ ശ്വാസകോശത്തിൽ നിന്നാണ് രക്തം നീക്കം ചെയ്തത്. ശ്വാസകോശത്തിന് പുറമേ ഇയാളുടെ കാലിലെ ഞരമ്പിലും രക്തം കട്ടപിടിച്ചിരുന്നു. ഇതും എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകരമായി നീക്കം ചെയ്തു. പെന്യൂമ്പ്ര ഫ്‌ളാഷ് 12 എഫ് കാതറ്റർ എന്ന എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരം ഉപയോഗിച്ച്, എൻഡോവാസ്‌കുലാർ പ്രൊസിജീയറിലൂടെ ആയിരുന്നു രക്തം നീക്കം ചെയ്തത്.
വൈദ്യശാസ്ത്ര രംഗത്തെ എഐയുടെ ഉപയോഗം ഏറെ വിപ്ലവകരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. സാധാരണയായി രക്തം നീക്കം ചെയ്യണമെങ്കിൽ നെഞ്ചിൽ കീറൽ ഉണ്ടാക്കേണ്ടതുണ്ട്. എന്നാൽ എഐ ഉപയോഗിക്കുമ്പോൾ ഇതിന്റെ ആവശ്യം ഉണ്ടാകുന്നില്ല. ഇത് രക്തം പോകുന്നത് കുറയ്ക്കാനും അതുവഴി രോഗിയ്ക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടാകുന്ന വിളർച്ച ഒഴിവാക്കാനും കഴിയും. രോഗിയ്ക്ക് വേഗം തന്നെ പൂർവ്വസ്ഥിതിയിൽ എത്താൻ സാധിക്കുന്നു എന്നതും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയുടെ പ്രധാന സവിശേഷതയാണെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
Discussion about this post