പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമലയില്‍ തിങ്കളാഴ്ച മകരവിളക്ക് മഹോത്സവം. മകരവിളക്ക് ദിവസത്തെ പ്രത്യേക പൂജകള്‍ക്കായി സ്വാമി അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ നിന്നും സന്നിധാനത്തേക്ക് പുറപ്പെട്ടു. മകരവിളക്കിന് മുന്നോടിയായി പ്രാസാദ ബിംബ ശുദ്ധിക്രിയകള്‍ നടന്നു.
ശബരിമലയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രത്യേക പൂജകള്‍ക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര് നേതൃത്വം നൽകി. മകരവിളക്കിന്റെ തലേ ദിവസമായ ഞായറാഴ്ച സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ ഒരുക്കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് വിലയിരുത്തി. സുരക്ഷയുടെ ഭാഗമായി 1000 പോലീസുകാരെ അധികമായി നിയോഗിച്ചുവെന്നും ഡിജിപി അറിയിച്ചു.
മുന്‍കാലങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും വരുമാനത്തില്‍ കുറവ് സംഭവിച്ചിരുന്നു. അനിയന്ത്രിതമായ തിരക്കിലും മതിയായ സൗകര്യങ്ങളുടെ അഭാവത്തിലും വലിയ തോതില്‍ ഭക്തര്‍ കഷ്ടതകള്‍ അനുഭവിച്ചത് വാര്‍ത്തയായിരുന്നു. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ പല കോണുകളില്‍ നിന്നും വന്‍ തോതില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
Discussion about this post