കൊച്ചി: ആൺസുഹൃത്തുമായുള്ള പ്രണയബന്ധം എതിർത്തതിന് പിതാവിനെതിരെ പെൺകുട്ടി നൽകിയ വ്യാജ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ പെൺകുട്ടി നൽകിയ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. പിതാവിന്റെ ഹർജി പരിഗണിച്ച് നാദാപുരം അതിവേഗം സ്‌പെഷ്യൽ കോടതിയുടെ പരിഗണനയിലുള്ള കേസാണ് ഹൈക്കോടതി റദ്ദ് ചെയ്തത്.സുഹൃത്തിൻറെ പ്രേരണയാലാണ് പെൺകുട്ടി പിതാവിനെതിരെ പോക്‌സോ പരാതി നൽകിയതെന്ന് വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു.
പെൺകുട്ടിയുടെ പുതിയ മൊഴിയും, അമ്മയുടെ സത്യവാങ്മൂലവും കോടതി ചുമതലപ്പെടുത്തിയത് പ്രകാരം വിക്ടിം റൈറ്റ് സെന്റർ പ്രെജക്ട് കോർഡിനേറ്ററുടെ റിപ്പോർട്ടും പരിഗണിച്ചാണ് കേസ് റദ്ദാക്കിയതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
മാസങ്ങൾക്ക് മുമ്പ് യുവാവുമായി മകൾ അടുപ്പത്തിലാണെന്നും ചൂഷണത്തിന് ഇരയായെന്നും മനസിലാക്കിയ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇരുവരെയും സ്റ്റേഷനിൽ വിളിപ്പിച്ച് താക്കീത് നൽകി വിട്ടയച്ചു എന്നാൽ ഇതിന് ശേഷവും ഇരുവരും ബന്ധം തുടർന്നു. പ്രണയബന്ധത്തെ എതിർത്ത് പെൺകുട്ടിയുടെ പിതാവ് വീണ്ടും രംഗത്തെത്തിയതോടെ കാമുകന്റെ നിർദ്ദേശ പ്രകാരം പിതാവിനെതിരെ കേസ് കൊടുക്കുകയായിരുന്നു.
തന്നെ എട്ടാമത്തെ വയസ് മുതൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കുകയും, പിൽക്കാലത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി.












