ന്യൂഡൽഹി: തുടങ്ങും മുമ്പേ ഒടുങ്ങുകയാണോ ഇൻഡി സഖ്യം എന്ന പ്രതീതി ഉയർത്തുകയാണ് ഇൻഡി സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകളും തർക്കങ്ങളും. മമത ബാനർജി ഇൻഡി മീറ്റിംഗിൽ പങ്കെടുത്തതേയില്ല. പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കാത്തതിനാൽ നിതീഷ് കുമാർ ദേഷ്യത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. ഇപ്പോൾ മഹാരാഷ്ട്രയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് മിലിന്ദ് ദിയോറയും പടിയിറങ്ങുമ്പോൾ അതി ശക്തമായ ബി ജെ പി യെ ഒന്ന് എതിർക്കാനായെങ്കിലും ഒരുമിച്ചു കൂടുവാൻ സാധിക്കുമോ എന്ന സംശയത്തിലാണ് കോൺഗ്രസ്സും അവർ നയിക്കുന്ന ഇൻഡി സഖ്യവും.
ഹിന്ദി ഹൃദയഭൂമിയിലെ കനത്ത പരാജയത്തിന് ശേഷം, സീറ്റ് വിഭജന ചർച്ചകളിൽ പിന് സീറ്റിലാണ് കോൺഗ്രസ്. ബംഗാളിൽ കോൺഗ്രസിനെ അപമാനിക്കുന്ന തരത്തിൽ രണ്ട് സീറ്റ് മാത്രം മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വാഗ്ദാനം ചെയ്തതും ഇതിനെ തുടർന്ന് തൃണമൂൽ കോൺഗ്രസിനെ പിരിച്ചു വിടണം എന്ന തരത്തിലുള്ള പ്രസ്താവനകൾ കോൺഗ്രസ് ലീഡർ അധീർ രഞ്ജൻ ചൗധരിയുടെ ഭാഗത്ത് നിന്നും വന്നതും കൂട്ടി വായിക്കുമ്പോൾ ഇനി എന്ത് എന്ന രീതിയിൽ പകച്ചു നിൽക്കുകയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡി സഖ്യം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്ര ഇന്ന് തുടങ്ങിയ സാഹചര്യത്തിൽ അവർക്ക് ലഭിച്ച ഏറ്റവും വലിയ അടിയായിരിക്കുകയാണ് 55 വർഷമായി പാർട്ടിയോടൊപ്പം ഉറച്ചു നിന്ന മിലിന്ദ് ദിയോറയുടെ രാജി
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ കാര്യമായ വോട്ട് വിഹിതം നേടുന്ന ഒരു നേതാവിനെയാണ് കോൺഗ്രസിന് നഷ്ടമായത്. 2019 ലെ തെരഞ്ഞെടുപ്പിൽ ശിവസേനാ സ്ഥാനാർഥി സാവന്തിന് 4.21 ലക്ഷം വോട്ടുകൾ ലഭിച്ചപ്പോൾ, 3 ലക്ഷത്തിലധികം വോട്ടുകൾ നേടി ദിയോറ രണ്ടാം സ്ഥാനത്തെത്തിയിരുന്നു
ഒരു കാലത്ത് രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാക്കൾ പതിയെ പാർട്ടി വിടുന്ന സാഹചര്യത്തിൽ കോൺഗ്രസിനുള്ളിലെ ശൂന്യതയാണ് ദേവ്‌റയുടെ പുറത്താകൽ സൂചിപ്പിക്കുന്നത്. ഇതിൽ ജ്യോതിരാദിത്യ സിന്ധ്യ, ഗുലാം നബി ആസാദ്, ഹാർദിക് പട്ടേൽ, അശ്വനി കുമാർ, സുനിൽ ജാഖർ, ആർപിഎൻ സിംഗ്, അമരീന്ദർ സിംഗ്, ജിതിൻ പ്രസാദ, അനിൽ ആന്റണി എന്നിവരും ഉൾപ്പെടുന്നു.
പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ സീറ്റ് വിഭജനത്തിനായി ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവരുമായി ചർച്ച നടത്തിവരികയാണ് നിലവിൽ കോൺഗ്രസ്. സീറ്റ് പങ്കിടൽ ഇടപാടിൽ സമ്മർദ്ദം ചെലുത്താൻ നിലവിൽ കോൺഗ്രസിന് കഴിവില്ലാത്തതിനാൽ , സീറ്റ് കാംഷികളായ പല നേതാക്കളുടെയും അഭിലാഷത്തെ ഇത് വ്രണപ്പെടുത്തുന്നുണ്ട് . വിമതശല്യം നിയന്ത്രിക്കുന്നതിൽ കോൺഗ്രസ് പാർട്ടി പരാജയപ്പെട്ടാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ നേതാക്കൾ പാർട്ടി വിട്ടേക്കും, ഇത് പാർട്ടിയെ കൂടുതൽ തളർത്തും.
രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതിനെ തുടർന്ന് തന്നെ കോൺഗ്രസിന്റെ ഉള്ളിൽ വലിയ അമർഷം ഉണ്ട്. സീറ്റ് വിഭജനത്തിലുള്ള പ്രശ്നങ്ങൾ കൂടിയാകുമ്പോൾ ഇത് കൂടുതൽ വലുതാവുകയേ ഉള്ളൂ. ഇതോടു കൂടി തുടങ്ങുന്നതിനു മുമ്പ് തന്നെ ഒടുങ്ങുവാനാണോ ഇൻഡി സഖ്യത്തിന്റെ വിധി എന്ന് കാത്തിരുന്നു തന്നെ കാണാം
Discussion about this post