ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവും മുൻപ് എംപിയുമായ നിർമൽ ഖത്രി. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്ഷണം ലഭിച്ചു. ഉറപ്പായും പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാമഭക്തൻ ആകുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. രാമഭക്തൻ ആകുന്നതിൽ അഭിമാനം മാത്രമേയുള്ളൂ. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കരുത് എന്ന് കോൺഗ്രസ് നേതൃത്വം ആർക്കും നിർദ്ദേശം നൽകിയിട്ടില്ല. കോൺഗ്രസിലെ ചില ഉന്നത നേതാക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കും. തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണക്കത്ത് സ്വീകരിച്ചുവെന്നും നിർമൽ ഖത്രി കൂട്ടിച്ചേർത്തു.
സ്വന്തം ആശയങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് ഏത് ആശയങ്ങൾക്കെതിരെ വേണമെങ്കിലും കോൺഗ്രസിന് പോരാടാം. അതിന് വേണ്ടി ബദൽ പരിപാടി സംഘടിപ്പിക്കണം എന്നില്ല. അത് പാർട്ടിയ്ക്ക് ഒട്ടും യോജിച്ചകാര്യവും അല്ല. ഏതൊരു യഥാർത്ഥ കോൺഗ്രസുകാരനും ഇത്തരത്തിൽ ചെയ്യാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കില്ലെന്നാണ് കോൺഗ്രസിന്റെ പരസ്യപ്രഖ്യാപനം. കോൺഗ്രസിനെ പിന്തുണച്ച് സഖ്യകക്ഷികളും ചടങ്ങിൽ നിന്നും വിട്ട് നിൽക്കുന്നുണ്ട്. ഇതിനിടെയാണ് പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് നിർമൽ ഖത്രി രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post