കോഴിക്കോട്: വടകരയിൽ മക്കളുമായി അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. തിരുവള്ളൂർ കുനിയിൽ മഠത്തിൽ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില (32) മക്കളായ കശ്യപ് (6) വൈഭവ് ( ആറ് മാസം) എന്നിവരാണ് മരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം.
കുട്ടികളെ ശരീരത്തോട് ചേർത്ത് കെട്ടിയാണ് അഖില കിണറ്റിൽ ചാടിയത്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. നിധീഷ് പുറത്തായിരുന്നു. വീട്ടിലെത്തിയ നിധീഷ് വാതിൽ തുറക്കാത്തതിനെ തുടർന്ന് നിരവധി തവണ അഖിലയെ ഫോണിൽ വിളിച്ചു. എന്നാൽ എടുത്തില്ല. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെയും കിണറ്റിൽ കണ്ടെത്തിയത്. ഉടനെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
ഫയർഫോഴ്‌സ് എത്തി മൂന്ന് പേരെയും കിണറ്റിൽ നിന്നും പുറത്തിറക്കി ഉടനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേയ്ക്കും മൂന്ന് പേർക്കും ജീവൻ നഷ്ടമായിരുന്നു. മൃതദേഹങ്ങൾ വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.
Discussion about this post