1989 ലെ ഒരു പ്രഭാതം.. രാമജന്മഭൂമിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയായിരുന്നു ഭാരതീയ ജനത പാർട്ടിയിലെ രണ്ട് നേതാക്കൾ .. ഒരാൾ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ ലാൽ കൃഷ്ണ അദ്വാനി .,. രണ്ടാമത്തെയാൾ പാർട്ടിയുടെ ജനറൽ സെക്രട്ടറി പ്രമോദ് മഹാജൻ.. രാമജന്മഭൂമി പ്രക്ഷോഭവും രാജ്യമെങ്ങും അലയടിക്കുന്ന ഹിന്ദുമുന്നേറ്റവും സൗഹാർദ്ദപരമായി പ്രശ്നം പരിഹരിക്കാനുള്ള വിപി സിംഗ് സർക്കാരിന്റെ വിമുഖതയുമായിരുന്നു പ്രധാന ചർച്ച. 1989 ഒക്ടോബർ 30 ന് വിശ്വഹിന്ദു പരിഷദ് നടത്തുന്ന കർസേവയ്ക്ക് പിന്തുണയായി ഒരു പദയാത്ര നടത്താമെന്ന നിർദ്ദേശം അദ്വാനി മുന്നോട്ടുവെച്ചു. സോമനാഥം മുതൽ അയോദ്ധ്യവരെ നീളുന്ന പദയാത്രയായിരുന്നു ലക്ഷ്യം..
എന്നാൽ പദയാത്രയേക്കാൾ നല്ലത് രഥയാത്രയാണെന്നൊരു നിർദ്ദേശമായിരുന്നു മഹാജന് മുന്നോട്ട് വെക്കാനുണ്ടായിരുന്നത്. പദയാത്രയ്ക്കുള്ള പരിമിതിയും ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട് രഥയാത്രയ്ക്കുള്ള പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. തീയതി തീരുമാനിച്ചാൽ മാത്രം മതി ബാക്കിയെല്ലാ ആസൂത്രണവും താനേറ്റെടുക്കാമെന്ന് മഹാജൻ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ പ്രസിഡന്റ് അത് സമ്മതിച്ചു..
അങ്ങനെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം തിരുത്തിയ ആ രഥ യാത്ര തീരുമാനിക്കപ്പെട്ടു..
സെപ്റ്റംബർ 25 ന് ദീനദയാൽ ഉപാദ്ധ്യായയുടെ സ്മൃതി ദിനത്തിൽ ആരംഭിച്ച് ഒക്ടോബർ 30 കർസേവ ദിനം വരെ നീളുന്ന പതിനായിരം കിലോമീറ്റർ ദൈർഘ്യമുള്ള രാമ രഥയാത്ര .. നയിക്കുന്നത് ലാൽ കൃഷ്ണ അദ്വാനി… സോമനാഥ ക്ഷേത്രത്തിൽ ജ്യോതിർലിംഗ ദർശനം നടത്തിയതിനു ശേഷം ശംഖ നാദങ്ങളുടെ അകമ്പടിയോടെ പ്രമോദ് മഹാജനും നരേന്ദ്രമോദിക്കുമൊപ്പം രാമരഥ യാത്ര ലാൽ കൃഷ്ണ അദ്വാനി ആരംഭിച്ചു. പിന്നീടെല്ലാം ചരിത്രമാണ്..
രാഷ്ട്രത്തിന്റെയും പാർട്ടിയുടേയും ഭാവി ഒരുപോലെ നിർണയിച്ച ചരിത്രപ്രസിദ്ധമായ രഥയാത്ര..
എൽകെ അദ്വാനി. നടന്നുവന്ന വഴികളിലൊന്നും കല്ലും മുള്ളുമായിരുന്നില്ല കൂർത്ത കൂരമ്പുകളായിരുന്നു. കറാച്ചിയിലെ വീടും സ്വത്തും എല്ലാം ഉപേക്ഷിച്ച് തൻറെ മാതാപിതാക്കളോടും കുടുംബത്തോടുമൊത്ത് ഭാരതത്തിലേക്ക് രക്ഷപെട്ടെത്തിയ നാളുകൾ. കറാച്ചിയിൽ ശാഖ തുടങ്ങിയപ്പോൾ പതിനാലാം വയസ്സിൽ സംഘസ്വയംസേവകനായി . പിന്നീട് ആർ.എസ്.എസ് പ്രചാരകനായി . സംഘ നിർദ്ദേശത്തെ തുടർന്ന് ജനസംഘത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തി.. രാജനൈതിക രംഗത്ത് ചുവടുറപ്പിക്കുമ്പോഴും ഒന്നിനെയും കൂസാത്ത അചഞ്ചലമായ ധർമ്മ വീര്യമുള്ള പോരാളിയായിരുന്നു അദ്വാനി..
രാജസ്ഥാനിലെ ജനറൽ സെക്രട്ടറിയായും ജനസംഘം പ്രസിഡണ്ടായും തിളങ്ങിയ അദ്ദേഹം ഡൽഹി മുൻസിപ്പിൽ കൌൺസിൽ തിരഞ്ഞെടുപ്പിലാണ് ആദ്യമായി വിജയിച്ചത്.ഡൽഹി മുൻസിപ്പിൽ ചെയർമാനായി 1970 വരെ അദ്ദേഹം പ്രവർത്തിച്ചു. 1970 ൽ രാജ്യസഭാംഗമായി.
അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിര ഏറ്റവും ഭയന്നത് അദ്വാനിയുടെയും വാജിപേയ് യുടെയും പ്രസംഗങ്ങളെയാണ് .അതുകൊണ്ടുതന്നെ അവരെ ജയിലിലടച്ചാൽ അധികം പ്രശ്നങ്ങളുണ്ടാവില്ല എന്നവർ കരുതി. പക്ഷെ ജയിലിനുള്ളിൽ നിന്നും ലഘുലേഖകളിലൂടെയും രഹസ്യ മാസികകളൂടെയും അവരുടെ ശബ്ദം ഈ നാടു മുഴുവൻ മുഴങ്ങി. അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നു.
കുനിയാൻ പറഞ്ഞപ്പോൾ ഇഴഞ്ഞുകാണിച്ചവർ എന്ന് അടിയന്തരാവസ്ഥകാലത്ത് ഇന്ത്യൻ മാദ്ധ്യമങ്ങളെ വിശേഷിപ്പിച്ചത് എൽകെ അദ്വാനിയാണ്. പിന്നീട് കോൺഗ്രസിനെ തറപറ്റിച്ച് 1977 ൽ അധികാരത്തിലെത്തിയ ജനത മന്ത്രിസഭയിൽ വാർത്താ വിതരണ മന്ത്രിയായി. 1980ൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവും.
1980 ഏപ്രിൽ 6, ജനതാപാർട്ടിയിൽ നിന്ന് രാജിവെച്ച് അടൽബിഹാരി വാജ്പേയിയും അദ്വാനിയും സഹപ്രവർത്തകരും ചേർന്ന് ഭാരതീയ ജനതാ പാർട്ടി രൂപീകരിച്ചു. എൺപതുകളുടെ അവസാനം മുതൽ അയോദ്ധ്യയിലെ ശ്രീരാമ ജൻമഭൂമിയിൽ രാം ലല്ലയ്ക്ക് ഭവ്യമായ ക്ഷേത്രം ഉയർത്തണമെന്ന ആവശ്യത്തിന് ശക്തിയേറിയിരുന്നു. വിശ്വ ഹിന്ദുപരിഷതും, സന്യാസി മഠങ്ങളും ആ ആഗ്രഹത്തിനായി സമ്മർദ്ദമുണ്ടാക്കിയപ്പോൾ രാജീവ് ഗാന്ധി അവിടം ആരാധനയ്ക്കായി തുറന്നു കൊടുത്തു. മാത്രമല്ല കോൺഗ്രസിൻറെ പ്രചാരണ പരിപാടികൾ ആ വർഷം ആരംഭിച്ചത് അയോദ്ധ്യയിൽ നിന്നാണ്. പക്ഷെ ആ നിലപാട് വെറും കൺകെട്ടുവിദ്യയാണെന്ന് മനസ്സിലാക്കാൻ അല്പം താമസിച്ചു പോയി.
ശ്രീരാമ ദേവന് ക്ഷേത്രം നിർമ്മിക്കാൻ തങ്ങൾ കോൺഗ്രസിന് നൽകിയ വോട്ട് പാഴായിപ്പോയെന്ന് പതിയെ എല്ലാവരും മനസ്സിലാക്കി തുടങ്ങി. അധിനിവേശത്തിൻറെയും കൊളോണിയലിസത്തിൻറെയും ചങ്ങലക്കെട്ടുകൾ തകർത്തെറിഞ്ഞ് രാഷ്ട്രത്തിൻറെ അസ്മിത ഉയർന്നെഴുന്നേൽക്കുമ്പോൾ ചില തിരുത്തലുകൾ അനിവാര്യമാണെന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ടായിരുന്നു. അത് കേവലം മതത്തിൻറെയോ വിശ്വാസത്തിൻറെയോ മാത്രം പ്രശ്നമല്ല, ഒരു രാഷ്ട്രത്തിൻറെ അസ്തിത്വത്തിൻറെയും ധർമ്മബോധത്തിന്റെയും പ്രതീകമാണ്.അതുകൊണ്ടാണ് ഭാരതീയ ജനതാപാർട്ടി രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിനായി അണിചേർന്നത്.
ഇത് ഒരു മതത്തിനെതിരെയുമുള്ള യുദ്ധമല്ല, ബാബറെന്ന ആക്രമണകാരിയുടെ അധിനിവേശത്തിനെതിരേയുള്ള യുദ്ധമാണ്. മന്ദിർ വഹി ബനായേംഗാ.. ക്ഷേത്രം അവിടെ തന്നെ നിർമ്മിക്കുമെന്നായിരുന്നു അദ്വാനിയുടെ പ്രഖ്യാപനം..
സോമനാഥ് മുതൽ അയോദ്ധ്യവരെ നടത്തിയ രഥയാത്ര ഭാരതമനസ്സുകളെ പ്രകമ്പനം കൊള്ളിച്ചു. അധിനിവേശത്തിനെതിരെയുള്ള യുദ്ധം മതത്തിനെതിരെയാണെന്ന് വരുത്തി തീർക്കാൻ കപട ചരിത്രവുമായി കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും കോൺഗ്രസിനൊപ്പം കൂടിയപ്പോൾ ഒരിഞ്ച് പോലും പുറകോട്ട് പോകാൻ എൽ.കെ അദ്വാനി തയ്യാറായില്ല. അദ്ദേഹം വീണ്ടും പ്രഖ്യാപിച്ചു.. മന്ദിർ വഹീ ബനായേംഗാ.
1990ൽ നിരായുധരായ കർസേവകരെ മുലായത്തിൻറെ പോലീസ് വെടിവെച്ചുകൊന്നു.ആരെന്നോ എന്തോന്നോ അറിയാനാകാതെ അവരുടെ മൃതദേഹം ലോറികളിൽ കയറ്റി സരയൂ നദിയിൽ കൊണ്ടുത്തള്ളി. ആ നിരപരാധികളായ ശ്രീരാമ ഭക്തരുടെ ചോരയിറ്റുവീണ മണ്ണിൽ നിന്നുയർന്നു വന്ന ഹുംകാരത്തിൽ 1992 ഡിസംബർ ആറിന് അധിനിവേശ ബിംബങ്ങൾ തകർന്നുവീണു.
അയോദ്ധ്യയ്ക്ക് വേണ്ടി പോരാടിയതിന് മുപ്പത്കൊല്ലത്തോളം പലവിധ കേസുകളിൽ എൽകെ അദ്വാനി കോടതികളിൽ കയറിയിറങ്ങി. പ്രായമേറുമ്പോഴും രാമനുവേണ്ടിയുള്ള തൻറെ പോരാട്ടം അദ്ദേഹം നിർത്തിയില്ല. കറാച്ചിയിൽ നിന്ന് എല്ലാം ഉപേക്ഷിക്കപ്പെട്ട് അമ്മയുടെ മടിതട്ടിലേക്ക് നടക്കുമ്പോഴുണ്ടായ സ്ഥൈര്യം ഇന്നും അദ്ദേഹത്തിൻറെ പ്രസരിപ്പിലുണ്ട്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി എന്ന രാഷ്ട്രീയ കക്ഷിയെ രണ്ടിൽ നിന്ന് രണ്ടാം മോദിയിലേക്ക് വരെ എത്തിക്കുവാൻ കഴിഞ്ഞതിൽ എൽകെ അദ്വാനിയുടെ സംഭാവന ചെറുതല്ല.
രാം ലല്ല തിരികെ അയോദ്ധ്യയിലെത്തുമ്പോൾ കൃതകൃത്യതയോടെ, രാജഗുരുവായ വസിഷ്ഠനെപോലെ പ്രാണപ്രതിഷ്ഠയ്ക്ക് മംഗളങ്ങളരുളാൻ അദ്ദേഹവും ഉണ്ടാവും. അഞ്ഞൂറിൽ പരം വർഷങ്ങളുടെ പോരാട്ടത്തെ വിജയത്തിലെത്തിക്കാൻ തന്റേതായ പങ്ക് നിർവഹിച്ച ചാരിതാർത്ഥ്യത്തോടെ ..
Discussion about this post