തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനം ജീവിതത്തിൽ മറക്കാൻ കഴിയില്ലെന്ന് നടി രേവതി. രാംലല്ലയുടെ മുഖം കണ്ടപ്പോൾ അതിയായ സന്തോഷം തോന്നിയെന്നും വിശ്വാസിയാണെന്ന് തിരിച്ചറിഞ്ഞുവെന്നും രേവതി പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെ ആയിരുന്നു രേവതി പ്രാണപ്രതിഷ്ഠയിൽ സന്തോഷം പ്രകടിപ്പിച്ച് രംഗത്ത് എത്തിയത്.
ജയ് ശ്രീരാം എന്ന് പറഞ്ഞുകൊണ്ടായിരുന്നു രേവതി തന്റെ സമൂഹമാദ്ധ്യമ പോസ്റ്റ് ആരംഭിച്ചത്. ഇന്നലെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്തൊരുദിനമാണ്. രാംലല്ലയുടെ മുഖം കണ്ടപ്പോൾ തന്നിലൊരു വിശ്വാസിയുണ്ടെന്ന സത്യം തിരിച്ചറിഞ്ഞു. രാംല്ല തന്നിൽ ആവേശവും സന്തോഷവും നിറച്ചു. ഹിന്ദുവായി ജനിച്ച നമ്മൾ മറ്റ് മതങ്ങൾ വ്രണപ്പെടുമെന്ന തോന്നലിൽ സ്വന്തം വിശ്വാസം ഉള്ളിലൊളിപ്പിച്ച് ജീവിക്കുന്നു. ഇന്ത്യ എന്നത് മതേതര രാഷ്ട്രമാണ്. എന്നാൽ മതേതര രാജ്യത്ത് വിശ്വാസം വ്യക്തിപരമായി കൊണ്ടു നടക്കുന്നു. എല്ലാവരും ഇങ്ങനെയാണ്.
എന്നാൽ ഇന്നലെയോടെ എല്ലാം മാറി. ഭഗവാൻ ശ്രീരമാന്റെ വരവ് ഒരുപാട് കാര്യങ്ങളിൽ മാറ്റം ഉണ്ടാക്കി. നമ്മൾ നമ്മുടെ വിശ്വാസത്തെക്കുറിച്ച് ഉറക്കെ വിളിച്ചു പറയണം. ഒരു പക്ഷെ ആദ്യമായി നമ്മൾ എല്ലാവരും വിശ്വാസികൾ ആയി എന്നും രേവതി കൂട്ടിച്ചേർത്തു.
Discussion about this post