എറണാകുളം: മഹാരാജാസ് കോളേജിന്റെ അന്തരീക്ഷം വീണ്ടും കലുഷിതമാക്കാനുള്ള നീക്കവുമായി എസ്എഫ്‌ഐ. അനിശ്ചിതകാല സമരം ആരംഭിച്ചു. ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഇന്നാണ് കോളേജ് തുറന്നത്.
എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പി.എ അബ്ദുൾ നാസറിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം. കോളേജ് യൂണിയൻ ചെയർപേഴ്‌സൺ തമീം റഹ്‌മാന്റെ നേതൃത്വത്തിലാണ് സമരം. കോളേജ് ഗേറ്റിന് സമീപം പന്തലുൾപ്പെടെ സ്ഥാപിച്ചാണ് എസ്എഫ്‌ഐ സമരം ചെയ്യുന്നത്. അതേസമയം സ്റ്റാഫ് അഡൈ്വസർ ഡോക്ടർ കെ എം നിസാമുദ്ദീന് എതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിയും പ്രതിഷേധിക്കുന്നുണ്ട്.
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കോളേജ് തുറന്ന ഇന്ന് ഹാജർ നില വളരെ കുറവായിരുന്നു. 30 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് ഇന്ന് സ്‌കൂളിൽ എത്തിയത്. മറ്റെന്നാൾ മുതൽ തുടർച്ചയായ അവധി ദിനങ്ങൾ ആയതുകൊണ്ടാണ് വിദ്യാർത്ഥികൾ വരാത്തതെന്നാണ് അദ്ധ്യാപകർ പറയുന്നത്. സംഘർഷം ഭയന്നാണ് വിദ്യാർത്ഥികൾ ക്ലാസുകളിൽ എത്താത്തത് എന്ന സൂചനയും ഉണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു വിദ്യാർത്ഥി സംഘർഷങ്ങളെ തുടർന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചത്. കഴിഞ്ഞ ദിവസം അദ്ധ്യാപകരും പോലീസും വിദ്യാർത്ഥി സംഘടനകളും യോഗം ചേർന്നിരുന്നു ഈ യോഗത്തിലാണ് കോളേജ് തുറക്കാൻ തീരുമാനിച്ചത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കുറച്ച് ദിവസം പോലീസ് കാവലിൽ ആകും ക്യാമ്പസ് പരിസരം.
Discussion about this post