തൃശൂർ: ശ്രീരാമനെ അവഹേളിക്കുന്ന വിവാദ പരാമർശം നടത്തിയ പി ബാലചന്ദ്രൻ എംഎൽഎയ്‌ക്കെതിരെ സന്ദീപ് വാര്യർ രംഗത്ത്. നീചമായ ഹിന്ദു അവഹേളനമാണ് തൃശൂരിലെ സിപിഐ എംഎൽഎ നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരിൽ നാലാള് കൂടുന്ന ഹിന്ദുക്കളുടെ ക്ഷേത്രോത്സവങ്ങളുള്ളിടത്തെല്ലാം പോയി ഇളിച്ച് നിൽക്കുന്നവരാണ് ഇക്കൂട്ടർ . വി എസ് സുനിൽ കുമാറടക്കമുള്ള സിപിഐക്കാർ ഹിന്ദുക്കളോട് മാപ്പ് പറയാനും ബാലചന്ദ്രനെ രാജി വെപ്പിക്കാനും തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാലചന്ദ്രനെതിരെ പിണറായി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമോയെന്ന് സന്ദീപ് വാര്യർ ചോദിച്ചു.
അതേസമയം സിപിഐ എംഎൽഎ പി ബാലചന്ദ്രനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ശ്രീരാമനെയും ലക്ഷ്മണനെയും സീതയെയും അവഹേളിക്കുന്നതും, വികൃതമായും വികലമായും ചിത്രീകരിക്കുന്നതും അറപ്പുളവാക്കുന്നതുമാണ് സാമൂഹിക മാദ്ധ്യമത്തിൽ എംഎൽഎ പങ്കുവച്ച കുറിപ്പെന്നും പരാതിയിൽ പറയുന്നു.
കുറിപ്പ് ഹിന്ദുവിശ്വാസിയായ തന്റെ മതവികാരം വ്രണപ്പെടുത്തിയതായും സമൂഹത്തിൽ കലാപമുണ്ടാക്കുന്നതിനും മതസ്പർധ വർധിപ്പിക്കുന്നതും അതുവഴി സമൂഹത്തിന്റെ ക്രമസമാധാനവും പൊതുസമാധാനും തകർക്കുന്നതാണ് കുറിപ്പെന്നും പരാതിയിൽ പറയുന്നു. എംഎൽഎക്കെതിരെ മതവികാരം വൃണപ്പെടുത്തിയതിനും സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിനും നിയമനടപടികൾ സ്വീകരിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയി പരാതിയിൽ പറയുന്നു.
Discussion about this post