കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ കരാറുകാരന്റെ വാഹനം ഉപയോഗിച്ച സംഭവത്തിൽ കടുത്ത അതൃപ്തിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പോലീസിന്റെ വീഴ്ചയ്ക്ക് പിന്നിൽ ചിലരുണ്ട്. വിവാദം ഉണ്ടാക്കുന്നത് ചോരകുടിയ്ക്കാൻ ആഗ്രഹം ഉള്ളവരാണെന്നും മന്ത്രി പറഞ്ഞു. സംഭവം വിവാദം ആയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
വണ്ടിയുടെ ആർസി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രി ആണോ?. മന്ത്രിയ്ക്ക് അതിൽ ഉത്തരവാദിത്വം ഇല്ല. പോലീസും മറ്റ് മന്ത്രിമാരും ആണ് ഇതെല്ലാം പരിശോധിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറോട് സംസാരിച്ചിരുന്നു. എല്ലാം കൃത്യമായിട്ടാണ് ചെയതത് എന്നാണ് കളക്ടർ പറയുന്നത്. കൂടുതൽ എന്തെങ്കിലും ഇതേക്കുറിച്ച് അറിയണം എങ്കിൽ കളക്ടറോട് ചോദിക്കണം എന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
ഒരു അധോകോല രാജിവിന്റെ വാഹനം ആയിരുന്നു അതെങ്കിൽ എന്ത് ചെയ്യും?. അതിൽ മന്ത്രിയ്ക്ക് എന്താണ് ഉത്തരവാദിത്വം. ചിലർ ആശങ്കയുണ്ടാക്കുന്നു. ചോര കുടിയ്ക്കുക എന്നതാണ് ചിലരുടെ ലക്ഷ്യം. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. മന്ത്രിമാർ റിപ്പബ്ലിക് ദിന പരേഡിന് വണ്ടിയുമായി വരണോ എന്നും അദ്ദേഹം ചോദിച്ചു.
സാധാരണയായി റിപ്പബ്ലിക് ദിന പരേഡിൽ പോലീസ് വാഹനത്തിലാണ് മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കുക. എന്നാൽ ഇന്നലെ പതിവിന് വിപരീതമായി സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രിയുടെ പരേഡ്.
Discussion about this post