ആലപ്പുഴ: സംസ്ഥാനത്തെ കെടുകാര്യസ്ഥതയ്‌ക്കെതിരെ വീണ്ടും തുറന്നടിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. കൈമടക്ക് കൊടുത്തില്ലെങ്കിൽ ഇവിടെ ഒന്നും ചെയ്യില്ല. പെൻഷന് അപേക്ഷിച്ചാലും അവിടെ കിടക്കും. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്റുമാരിൽ ചിലർക്കങ്ങ് സൂക്കേട് കൂടുതലാ അവര് ഒന്നും കൊടുക്കൂല ജി സുധാകരൻ പറഞ്ഞു.
പൊതു പരിപാടിയിലായിരുന്നു സുധാകരന്റെ വിമർശനം. ഞാൻ തമ്പുരാൻ, ബാക്കിയുളളവർ മലയപുലയ എന്നാണ് ചിലരുടെ ചിന്ത. നമ്മൾ നമ്മളെ തന്നെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. അത് പഴയ തമ്പുരാക്കൻമാരുടെ സ്വഭാവമാണ്. ഞങ്ങൾ തമ്പുരാക്കൻമാര് മറ്റവര് മോശം. അദ്ദേഹം പറഞ്ഞു.
അടുത്തിടെയായി ഇടതു സർക്കാരിനെതിരെ ഒളിഞ്ഞും തെളിഞ്ഞും രൂക്ഷ വിമർശനമാണ് ജി സുധാകരൻ നടത്തുന്നത്. മാർക്‌സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കാനാകില്ലെന്നും അത് കണ്ണൂരിൽ മാത്രം അപൂർവ്വം ചില മണ്ഡലങ്ങളിൽ നടക്കും ആലപ്പുഴയിൽ നടക്കില്ലെന്നും അടുത്തിടെ സുധാകരൻ പറഞ്ഞിരുന്നു.
മറ്റുളളവർക്ക് കൂടി സ്വീകാര്യനാകണമെന്നും അഞ്ചാറ് പേർ കെട്ടിപ്പിടിച്ചിരുന്നാൽ പാർട്ടിയാകുമോയെന്നുമായിരുന്നു സുധാകരന്റെ വാക്കുകൾ. മറ്റുളളവരെ തല്ലിയിട്ട് അത് വിപ്ലവമാണെന്ന് പറഞ്ഞാൽ മനസിലാക്കാൻ പറ്റില്ലെന്നും സുധാകരൻ തുറന്നടിച്ചിരുന്നു. ഒരു ചാനൽ അഭിമുഖത്തിൽ പാർട്ടിയിലെ വ്യക്തിപൂജയ്ക്കും കണ്ണൂർ ലോബിക്കുമെതിരെ സുധാകരന്റെ തുറന്നുപറച്ചിലും രാഷ്ട്രീയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തദ്ദേശ സ്ഥാപനങ്ങളിലടക്കം നടക്കുന്ന കെടുകാര്യസ്ഥതയെ സുധാകരൻ വിമർശിച്ചത്. ഭരണമികവിന്റെ പേരിൽ ഇടതുമന്ത്രിമാർ നാടുനീളെ പ്രസംഗിക്കുമ്പോഴാണ് ജി സുധാകരനെപ്പോലുളളവർ തുറന്ന വിമർശനങ്ങളുമായി രംഗത്തെത്തുന്നത്.
Discussion about this post