തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനത്തിന്റെ മെല്ലെപോക്കിനെ വിമർശിച്ച കടകംപള്ളി സുരേന്ദ്രന് പരോക്ഷ മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ആകാശത്ത് റോഡ് നിർമിച്ച് താഴെ കൊണ്ടുവന്ന് ഫിറ്റ് ചെയ്യാനാകില്ലെന്ന് റിയാസ് പറഞ്ഞു. കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളിയെന്നും റിയാസ് വിമർശിച്ചു.
ആകാശത്ത് റോഡ് നിർമ്മിച്ചിട്ട് താഴെ കൊണ്ടുപോയി ഫിറ്റ് ചെയ്യാൻ പറ്റില്ല. റോട്ടിൽ തന്നെ നടത്തണം. എല്ലാം ഒരുമിച്ചു നടത്താതെ ചിലത് മാത്രം നടത്തി ചിലത് നടത്താതെ പോയാൽ, അപ്പോൾ വരുന്ന ചർച്ച എന്തുകൊണ്ട് നടത്തുന്നില്ല, നടന്നു പോലും പോകാൻ പറ്റാത്ത അവസ്ഥയാണ് പല റോഡുകളും എന്നാണ്. ഇപ്പോൾ എല്ലാവരും ചേർന്ന് പ്രവൃത്തി നടത്തുന്നു. ഇത് ചിലർക്ക് പിടിക്കുന്നില്ല. അതാണ് പ്രശ്‌നമെന്ന് മന്ത്രി പറഞ്ഞു.
കാലങ്ങളായുള്ള ആവശ്യമാണ് റോഡ് നവീകരണം. 63 റോഡുകളുടെ പണി പൊതുമരാമത് വകുപ്പിനാണ്. പണി നടക്കുന്നതിനാലാണ് ഗതാഗത പ്രശ്‌നം ഉണ്ടാകുന്നത്. നേരത്തെ ഉണ്ടായിരുന്ന കരാറുകാരൻറെ ഭാഗത്ത് നിന്ന് വീഴ്ചകൽ ഉണ്ടായി. പലവട്ടം തിരുത്താൻ ശ്രമിച്ചിട്ടും നടന്നില്ല.എന്തും ചെയ്യാമെന്ന ഹുങ്കോടെയായിരുന്നു കരാറുകാരൻ പ്രവർത്തിച്ചത്. കരാർ വീതിച്ചു നൽകിയില്ലെങ്കിൽ പണി പൂർത്തിയാകില്ലായിരുന്നു. എന്നാൽ, കരാരുകാരനെ മാറ്റിയത് ചിലർക്ക് പൊള്ളി. പൊള്ളലേറ്റ് മുറിവുണങ്ങാത്തവർ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു
Discussion about this post