എറണാകുളം: അങ്കമാലി മൂക്കന്നൂരിൽ മൂന്ന് പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയ്ക്ക് വധ ശിക്ഷ വിധിച്ച് കോടതി. 33 കാരിയായ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ബാബുവിന് കോടതി വധശിക്ഷ വിധിച്ചത്. മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവും കോടതി ശിക്ഷ വിധിച്ചു. മൂക്കന്നൂർ സ്വദേശികളായ ശിവൻ (62), ഭാര്യ വത്സല (58) സ്മിത (33) എന്നിവരെയാണ് ബാബു വെട്ടിക്കൊലപ്പെടുത്തിയത്
അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് കോടതി വധ ശിക്ഷ നൽകിയത്. സ്മിതയെ ബാബു 35 തവണയാണ് വെട്ടിയത്. ഇത് ഭയമുളവാക്കുന്നത് ആണെന്ന് കോടതി അഭിപ്രായപ്പെട്ടു. അതിനാൽ വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷയും പ്രതി അർഹിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
2018 ഫെബ്രുവരി 11 നായിരുന്നു സംഭവം. കൊല്ലപ്പെട്ട ശിവൻ ബാബുവിന്റെ സഹോദരൻ ആണ്. സ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ശിവനും ബാബുവും തമ്മിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇതേ തുടർന്ന് മൂന്ന് പേരെയും വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച സ്മിതയുടെ മക്കൾക്കും പരിക്കേറ്റിരുന്നു. കൃത്യത്തിന് ശേഷം ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ബാബുവിനെ പ്രദേശവാസികളും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു.
Discussion about this post