തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നും 57,000 കോടി രൂപ ലഭിക്കാനുണ്ടെന്ന ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെയും സർക്കാരിന്റെയും വാദം പൊളിച്ചടുക്കി മാത്യു കുഴൽനാടൻ എംഎൽഎ. ബാലഗോപാൽ കേന്ദ്രധനമന്ത്രിയ്ക്ക് എഴുതിയ കത്തിലെ വിവരങ്ങൾ ഉൾപ്പെടെ വിശദമാക്കി നിയമസഭയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചോദിച്ചതിനെക്കാൾ അധികം തുക കേന്ദ്രം കേരളത്തിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
57,000 കോടി രൂപ നൽകാനുണ്ടെന്നാണ് സർക്കാർ പറഞ്ഞു നടക്കുന്നത്. എന്നാൽ 53,338 കോടി രൂപ അഞ്ച് വർഷം കൊണ്ട് തരുമെന്നാണ് കേന്ദ്രം പറഞ്ഞത്. 12.7.2023 ന് എഴുതിയ കത്തിൽ 31869 കോടി രൂപ കിട്ടാനുണ്ടെന്നാണ് ബാലഗോപാൽ പറയുന്നത്. ഇതിൽ 28 400 കോടി ആഗ്രഹിക്കുന്ന പൈസയാണ്. ഷോർട്ടേജ് ഓഫ് റെവന്യൂ ഡെഫിസിറ്റി ഗ്രാന്റായി കേരളം 8,400 കോടി രൂപയാണ് ചോദിച്ചത്. എന്നാൽ കേന്ദ്രം 13,174 കോടി രൂപ നൽകി. എന്നാൽ ഇതേക്കുറിച്ച് ധനമന്ത്രി മിണ്ടിയില്ല. അനുവദിച്ചതിൽ ഇനി നാലായിരത്തി ചില്വാനും രൂപ മാത്രമേ കേന്ദ്രം നൽകാനുള്ളൂ. 53,338 കോടിയേക്കാൾ അധികം കേരളത്തിന് കൊടുക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
ജിഎസ്ടി നഷ്ടപരിഹാരം 12,000 കോടി കിട്ടാനുണ്ടെന്നാണ് മറ്റൊരുവാദം. തോമസ് ഐസക് ധനമന്ത്രി ആയിരുന്നപ്പോൾ അഞ്ച് കൊല്ലത്തെ നഷ്ടപരിഹാരം മതിയെന്നായിരുന്നു പറഞ്ഞിരുന്നത്. ഇത് സർക്കാരും അംഗീകരിച്ചു. സംസ്ഥാനത്ത് നിന്നും ഇതിനേക്കാൾ കൂടുതൽ പണം ലഭിക്കുമെന്ന് സർക്കാർ നിയമസഭയിൽ പറഞ്ഞതുമാണ്. എന്നിട്ടാണ് കേന്ദ്രം നഷ്ടപരിഹാരത്തുക നൽകിയില്ലെന്ന് കേരളം പറയുന്നത്. സർക്കാർ നികുതി പിരിയ്ക്കുന്നതിൽ വീഴ്ചവരുത്തി. 28,258 കോടി രൂപയാണ് സർക്കാർ പിരിയ്ക്കാനുള്ളത് എന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.
കടമെടുക്കാനുള്ള പരിധി കുറച്ചത് അനുസരിച്ച് 8000 കോടി രൂപ നൽകണെന്നാണ് അടുത്ത ആവശ്യം. കേരളത്തിന്റെ ഡെപ്റ്റ് റേഷ്യോ 39.1 ആണ്. ഇനിയും കടമെടുക്കാൻ അനുവദിക്കണമെന്നാണ് സർക്കാർ പറയുന്നത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ ഡെപ്റ്റ് റേഷ്യോ കേരളത്തിനേക്കാൾ കുറവാണ്. ഡെപ്റ്റ് റേഷ്യോ ഇത്രയേറെ കൂടുതൽ ആയിട്ടും എവിടെയാണ കേരളത്തിന്റെ പരിധിയിൽ കേന്ദ്രം കുറവ് വരുത്തിയത് എന്നും അദ്ദേഹം ചോദിച്ചു. കിഫ്ബിയിൽ ആളുകൾക്ക് വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് നിക്ഷേപം ഇല്ലാതെ ഇരിക്കുന്നത് എന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
Discussion about this post