ആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസൻ കൊലക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിയെ അധിക്ഷേപിച്ച പ്രതികൾക്കെതിരെ കർശന നടപടികളുമായി പോലീസ്. പ്രതികൾക്കെതിരെ കലാപാഹ്വാനത്തിന് പോലീസ് കേസ് എടുത്തു. ആറ് പ്രതികൾക്കെതിരെയാണ് നടപടി.
മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി. ആലപ്പുഴ സൗത്ത് പോലീസാണ് കേസ് എടുത്തിട്ടുള്ളത്. ആലപ്പുഴ സ്വദേശികളായ ബീവി കെ യു, അസ്ലം വളവുപച്ച, നസീർമോൻ ഖലീൽ, ആസാദ് അമീർ, തിരുവനന്തപുരം സ്വദേശി ഷഫീഖ് റാഫി എന്നിവരാണ് പ്രതികൾ എന്ന് പോലീസ് അറിയിച്ചു. ഇതിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിരന്തര ഭീഷണി ഉയരുന്ന പശ്ചാത്തലത്തിൽ ജഡ്ജിയ്ക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജഡ്ജിയുടെ ക്വാർട്ടേഴ്‌സിലുൾപ്പെടെ ശക്തമായ പോലീസ് കാവൽ ഒരുക്കിയിട്ടുണ്ട്. എസ്‌ഐ ഉൾപ്പെടെ അഞ്ച് പോലീസുകാർക്കാണ് സുരക്ഷാ ചുമതല.
കഴിഞ്ഞ ദിവസമാണ് രൺജീത്തിനെ കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ജഡ്ജി ശ്രീദേവി വധശിക്ഷ വിധിച്ചത്. സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു നടപടി. അമ്മയുടെയും ഭാര്യയുടെയും മകളുടെയും കൺമുന്നിൽവച്ച് രൺജീത് ശ്രീനിവാസിനെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നായിരുന്നു ശിക്ഷ നൽകിയത്.
അതേസമയം, കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കും. 20 പേരെ പ്രതി ചേർത്താണ് അന്വേഷണ സംഘം രണ്ടാംഘട്ട കുറ്റപത്രം സമർപ്പിക്കുന്നത്.
Discussion about this post