ബംഗളൂരു: ഭാരതത്തിന്റെ ദക്ഷിണ മേഖലയെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കണമെന്ന പരാമർശം വിവാദം ആയതോടെ വിശദീകരണവുമായി കർണാടകയിലെ കോൺഗ്രസ് എംപി. കേന്ദ്രം കർണാടകയോട് കടുത്ത അനീതിയാണ് കാണിക്കുന്നത് എന്നും ഇതേ തുടർന്നാണ് പ്രതികരിച്ചത് എന്നും ഡി.കെ സുരേഷ് എംപി വ്യക്തമാക്കി. കോൺഗ്രസുകാരനെന്ന നിലയിൽ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിലകൊള്ളുന്നുവെന്നും സുരേഷ് പറഞ്ഞു.
അഭിമാനിയായ ഇന്ത്യക്കാരനും അഭിമാനിയായ കന്നഡിഗനുമാണ് താൻ. ഫണ്ട് വിതരണത്തിൽ ദക്ഷിണേന്ത്യയോട് പ്രത്യേകിച്ച് കർണാടകയോട് കടുത്ത അനീതിയാണ് തുടരുന്നത്. ഏറ്റവും കൂടുതൽ ജിഎസ്ടി പിരിച്ച് നൽകുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. എന്നിട്ടും അവഗണിക്കുന്നു. ഇതേ സ്ഥാനത്ത് ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ഫണ്ടിൽ 51 ശതമാനം വർദ്ധനവും വരുത്തി. ഇത് അനീതിയല്ലാതെ മറ്റെന്താണെന്നും സുരേഷ് കൂട്ടിച്ചേർത്തു.
തങ്ങളെല്ലാവരും ഈ മണ്ണിന്റെ മക്കളാണ്. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ആവശ്യമാണ്. വികസന പ്രവർത്തനങ്ങൾക്കും വരൾച്ചാ ദുരിതാശ്വാസത്തിനും ഫണ്ട് അനുവദിക്കണമെന്ന് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും കേന്ദ്രം ചെവിക്കൊള്ളുന്നില്ല. അഭിമാനിയായ ഇന്ത്യക്കാരനും കോൺഗ്രസുകാരനും എന്ന നിലയിൽ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിലകൊള്ളുന്നു. കർണാടകയോടുള്ള അനീതിക്കെതിരെ ഞാൻ ശബ്ദമുയർത്തുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക രാജ്യം വേണമെന്ന പരാമർശത്തിൽ സുരേഷിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ആയിരുന്നു ഉയർന്നുവന്നത്. ഇതിന് പിന്നാല ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post