തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്. ഇക്കുറി മൂന്ന് സീറ്റ് വേണമെന്ന ഉറച്ച നിലപാടിലാണ് ലീഗിനുള്ളതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇക്കുറിയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി മുസ്ലീം ലീഗ് ചോദിച്ചിട്ടുണ്ട്. എപ്പോഴത്തെയും പോലെയല്ല. ഇക്കുറി എന്തായാലും സീറ്റ് നൽകിയേ പറ്റൂ. മൂന്നാം സീറ്റെന്ന നിലപാടിൽ ലീഗ് ഉറച്ചു നിൽക്കുന്നു. ലീഗ് രണ്ട് സീറ്റ് മതിയെന്ന ധാരണയിലെത്തിയെന്ന തരത്തിൽ മാദ്ധ്യമ വാർത്തകൾ കണ്ടിരുന്നു. എന്നാൽ ഇത് തെറ്റാണ്. അങ്ങനെയൊരു തീരുമാനത്തിൽ ലീഗ് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ച നടന്നിട്ടുണ്ട്. പാണക്കാട് ശിഹാബ് തങ്ങൾ സ്ഥലത്തില്ല. അദ്ദേഹം വന്നശേഷം ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തും. എത്ര തന്നെ ചർച്ച നടന്നാലും മൂന്ന് സീറ്റ് എന്ന നിലപാടിൽ നിന്നും പിന്നോട്ടില്ല. മൂന്ന് സീറ്റിന് ലീഗിന് അർഹതയുണ്ട്. അതിനാൽ തരാവുന്നതേയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി.
നിലവിൽ മലപ്പുറം, പൊന്നാനി എന്നീ സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. ഇതിന് പുറമേ കാസർകോട്, കണ്ണൂർ, വടകര എന്നിവയിൽ ഒരു സീറ്റ് കൂടി വേണമെന്നാണ് പാർട്ടിയുടെ ആവശ്യം. മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം ദീർഘകാലമായി ലീഗ് ഉയർത്തുന്നുണ്ട്.
Discussion about this post