ആറ്റിങ്ങൽ: എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ആറ്റിങ്ങലിൽ ആവേശോജ്ജ്വല സ്വീകരണം. ആറ്റിങ്ങൽ മാമം മൈതാനത്ത് നടന്ന ഉദ്ഘാടന സമ്മേളനം ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ എംപി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദേശ- പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ആശംസ പ്രസംഗം നടത്തി. മാമം മൈതാനത്ത് നിന്നും ആരംഭിച്ച പദയാത്ര പൂവൻ പറമ്പിൽ സമാപിച്ചു. ആയിരക്കണക്കിന് പേർ പങ്കെടുത്ത പദയാത്രയിൽ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ നിശ്ചല ദൃശ്യങ്ങൾ അണിനിരന്നു. നരേന്ദ്രമോദിയുടെ പ്ലക്കാർഡുമേന്തി കെ.സുരേന്ദ്രനും വി.മുരളീധരനും പ്രകാശ് ജാവദേക്കറിനും അനുകൂല മുദ്രാവാക്യം പ്രവർത്തകർ പദയാത്രയിൽ പങ്കെടുത്തത്.
മോദി സർക്കാരിൻ്റെ വിവിധ ജനപ്രിയ പദ്ധതികൾ അനൗൺസ്മെൻ്റ് ചെയ്ത് നിരവധി വാഹനങ്ങളും പദയാത്രയ്ക്ക് അകമ്പടി നൽകി. ചെണ്ടമേളങ്ങളും വാദ്യഘോഷങ്ങളും പദയാത്രയ്ക്ക് പ്രൗഡിയേകി. പദയാത്ര കടന്നു പോയ വീഥിക്ക് ഇരുവശത്തു നിന്നും ആളുകൾ കെ.സുരേന്ദ്രനെ ആശിർവദിച്ചു. കേന്ദ്രസർക്കാരിൻ്റെ വിവിധ പദ്ധതികളിൽ പൊതുജനങ്ങളെ അംഗമാക്കുവാൻ പദയാത്രയോടൊപ്പം പ്രത്യേകം തയ്യാറാക്കിയ ഹെൽപ്പ് ഡസ്ക്ക് വാഹനവുമുണ്ടായിരുന്നു.
Discussion about this post