തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിമർശനം. സ്മാർട് സിറ്റി റോഡ് നിർമ്മാണത്തിന്റെ കരാറുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിലാണ് നടപടി. മന്ത്രിയുടെ നടപടി അപക്വമാണെന്ന് സെക്രട്ടേറിയേറ്റ് യോഗം വിലയിരുത്തി.
തിരുവനന്തപുരത്തെ സിപിഎം നേതാക്കൾക്ക് കരാറുകാരുമായി ദുരൂഹ ഇടപാട് ഉണ്ടെന്ന ധ്വനിയോടെയായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രസംഗം. തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിൽ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സെമിനാറിൽ മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ സംസാരിച്ചിരുന്നു. ഇതിന് മറുപടി നൽകികൊണ്ടായിരുന്നു മുഹമ്മദ് റിയാസിന്റെ പരാമർശം. കരാറുകാരെ തൊട്ടപ്പോൾ ചിലർക്ക് പൊള്ളിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് കടംപള്ളിയെ ലക്ഷ്യമിട്ടാണെന്ന തരത്തിൽ ആണ് വിവാദം ഉയർന്നിരിക്കുന്നത്.
പരാമർശത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ടായിരുന്നു. മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഇത് പ്രകടിപ്പിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടേറിയേറ്റും വിഷയം ചർച്ച ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം മുതിർന്ന നേതാക്കളിൽ മിക്കവരും റിയാസിൻറെ നടപടി തെറ്റെന്ന് വിലയിരുത്തി. പ്രസംഗത്തിൽ ജാഗ്രത പുലർത്തണമായിരുന്നു എന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ അഭിപ്രായം അതൃപ്തി സെക്രട്ടേറിയേറ്റ് മുഹമ്മദ് റിയാസിനെ അറിയിച്ചിട്ടുണ്ട്.
Discussion about this post