എറണാകുളം: യുവ ഡോക്ടർ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. വന്ദനയുടെ പിതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രവും കേസിന്റെ നാൾവഴിയും പരിശോധിക്കുമ്പോൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണ് സംഭവം എന്ന് പറയാനാകില്ല. ഇതേ തുടർന്നാണ് കോടതി ഹർജി തള്ളിയത്.
കേസിൽ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതി ഗൂഢാലോചന നടത്തിയില്ല. ഇത് മാത്രമല്ല മറ്റ് ഉദ്ദേശ്യങ്ങളും ഇല്ല. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് പ്രതി ആക്രമണം നടത്തിയത്. പൊതുജനങ്ങൾക്ക് ഇയാൾ അപകടം ഉണ്ടാക്കിയിട്ടില്ല. അതിനാൽ സിബിഐ അന്വേഷണം വേണ്ടെന്നും കോടതി ഹർജി തള്ളിക്കൊണ്ട് പറഞ്ഞു. സുപ്രീംകോടതിയുടെ വിധികൾ കൂടി ഉദ്ദരിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. നിലവിലെ അന്വേഷണത്തിൽ കോടതി തൃപ്തി അറിയിക്കുകയും ചെയ്തു. സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വന്ദനയുടെ പിതാവ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ 8 മാസമായി ജയിലിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ പ്രതിയ്ക്ക് ജാമ്യം നൽകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കേസിൽ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. ഇനി അന്വേഷണത്തിൽ തന്റെ ആവശ്യം ഇല്ല. അതിനാൽ ജാമ്യം അനുവദിക്കണം. അന്വേഷണത്തോട് സഹകരിക്കാം. കോടതി നിർദ്ദേശിക്കുന്ന എല്ലാ വ്യവസ്ഥകളും പാലിക്കാമെന്നും ജാമ്യാപേക്ഷയിൽ ഇവർ വ്യക്തമാക്കുന്നു.
Discussion about this post