കൊച്ചി; നിലമ്പൂർ എം എൽ എ പി വി അൻവറിൻ്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ. അപേക്ഷയിലെ പിഴവു കാരണം അൻവറിന്റെ പാർക്കിനു ലൈസൻസ് നൽകിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണം. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി
ലൈസൻസില്ലാതെ പാർക്ക് എങ്ങനെ പ്രവർത്തിപ്പിക്കുമെന്ന് ആരാഞ്ഞ ഹൈക്കോടതി നാളെ ഇക്കാര്യത്തില്‍ വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
പി വി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാർക്ക് പ്രവർത്തിക്കുന്നത് ലൈസൻസോടെയാണോ എന്ന കാര്യത്തിൽ ഹൈക്കോടതി കൂടരഞ്ഞി പഞ്ചായത്തിന്‍റെ വിശദീകരണം തേടിയിരുന്നു. പഞ്ചായത്തിന്‍റെ ലൈസൻസില്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഇക്കാര്യം ആരാഞ്ഞത്.
അതേസമയം, ലൈസൻസ് ഇല്ലാത്ത പാർക്ക് അടച്ചുപൂട്ടണമെന്ന് ഹർജിക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഹർജി നാളെ വീണ്ടും പരിഗണിക്കും.
Discussion about this post