എറണാകുളം: സംസ്ഥാനത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിൽ ഐഎസ് ഭീകരൻ റിയാസ് അബൂബക്കറിന് ഇന്ന് ശിക്ഷ വിധിക്കും. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിയ്ക്കുക. കേസിൽ റിയാസ് അബൂബക്കർ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
റിയാസിനെ ശിക്ഷാ വിധി കേൾക്കാൻ കോടതിയിൽ എത്തിക്കുമെന്നാണ് സൂചന. രാവിലെ മുതൽ കോടതി ശിക്ഷ സംബന്ധിച്ചവാദം കേൾക്കും. സ്വയം ചാവേറായി മാറാൻ തീരുമാനിച്ചിരുന്ന റിയാസിന് കോടതി കഠിനമായ ശിക്ഷ തന്നെ നൽകുമെന്നാണ് സൂചന. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് റിയാസ്.
യു എ പി എ 38, 39, ഐ പി സി 120 ബി വകുപ്പുകൾ ചുമത്തിയാണ് ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിചാരണയ്ക്കിടെ ഈ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ റിയാസ് ചെയ്തതായി കോടതിയ്ക്ക് വ്യക്തമായി. ഇതോടെയായിരുന്നു കേസിൽ ഇയാൾ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത്.
2018 മെയ് 15 നായിരുന്നു റിയാസ് അബൂബക്കറിനെ ഭീകരവാദ കേസിൽ എൻഐഎ അറസ്റ്റ് ചെയ്തത്. കാസർകോട് ഐഎസ് ഘടകം രൂപീകരിക്കാൻ ഭീകരർ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് റിയാസിലേക്ക് എത്തിയത്. ശ്രീലങ്കൻ സ്‌ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്.
റിയാസിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളും, വീട്ടിൽ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കോടതിയിൽ തെളിവുകളായി എൻഐഎ ഹാജരാക്കിയിരുന്നു. ഇതും പരിശോധിച്ച് ബോദ്ധ്യപ്പെട്ടതോടെയാണ് കോടതി റിയാസ് കുറ്റക്കാരനാണെന്ന് വിധിച്ചത്.
Discussion about this post