ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ഡൽഹിയിലെത്തിയാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്. ആന്ധ്രാപ്രദേശിന് പ്രത്യേക വിഭാഗ പദവി വേണമെന്ന് ജഗൻ മോഹൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കൂടിക്കാഴ്ചയുടെ വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് പുറത്തുവിട്ടത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പുതിയ പാർലമെന്റ് കോംപ്ലക്‌സിലായിരുന്നു കൂടിക്കാഴ്ച. പ്രത്യേക വിഭാഗ പദവിയ്ക്ക് പുറമേ വികസനവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും ചർച്ച ചെയ്തു. സംസ്ഥാനത്തിന്റെ മറ്റ് ആവശ്യങ്ങളും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രതിപക്ഷ പാർട്ടിയായ തെലുങ്ക് ദേശം പാർട്ടി അദ്ധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ജഗൻമോഹൻ റെഡ്ഡി ഡൽഹിയിൽ എത്തുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലുങ്ക് ദേശം പാർട്ടിയും ബിജെപിയും കൈകോർക്കുമെന്നാണ് സൂചനകൾ. ഇതോടെയാണ് ജഗൻമോഹൻ പ്രധാനമന്ത്രിയെ കണ്ടത്.
മെയിലാണ് ആന്ധ്രാപ്രേദശിൽ നിയമസഭാ തിരഞ്ഞെടുപ്പ്. പ്രത്യേക വിഭാഗ പദവി നേടാൻ കഴിഞ്ഞാൽ അത് ജഗൻ മോഹന്റെയും പാർട്ടിയുടെയും നിർണായക നേ്ട്ടമാകും. ഇത് തുടർഭരണത്തിലേക്ക് വഴിവയ്ക്കും. ഈ ആവശ്യം ഉന്നയിച്ച് ഇതിന് മുൻപും അദ്ദേഹം പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ടിട്ടുണ്ട്.
Discussion about this post