തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി അംഗങ്ങൾ. മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടുകേൾക്കാനും കോടികളാണ് ചെലവിടുന്നതെന്ന് വി.പി.ഉണ്ണികൃഷ്ണൻ വിമർശിച്ചു.വിദേശസർവ്വകലാശാലകൾക്കെതിരെയും സംസ്ഥാന കൗൺസിലിൽ വിമർശനമുണ്ടായി.
മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞു എന്ന് സിപിഐ നേതാവും ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയുമായ ലതാദേവി പരിഹസിച്ചു. ആഡംബരത്തിനും ധൂർത്തിനും ഒരുകുറവുമില്ലെന്നും കൗൺസിലിൽ വിമർശനം ഉയർന്നു.
വിമർശനം കടുത്തതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ടു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നും പുറത്ത് പോകരുതെന്ന് ബിനോയ് വിശ്വം മുന്നറിയിപ്പു നൽകി. യോഗത്തിലുണ്ടായ ചർച്ചകളുടെ വിവരങ്ങൾപോലും മാദ്ധ്യമങ്ങൾക്ക് ലഭിക്കുന്ന സ്ഥിതിയുണ്ടാകരുതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. പറയേണ്ട വേദികളിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അനാവശ്യ ചർച്ചയിലേക്ക് പോകരുതെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
Discussion about this post