തിരുവനന്തപുരം: കേരളത്തിൽ ഉടനെ ഒരു ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫിനെയും കോൺഗ്രസിനെയും ജനങ്ങൾ വെറുത്തു കഴിഞ്ഞു. കേരളത്തിലെ ജനങ്ങൾ പൊറുതി മുട്ടിക്കൊണ്ടിരിക്കുന്ന സമയമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ സുരേന്ദൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരണ്ടി എല്ലാവരിലും എത്തിക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. പിണറായി സർക്കാരിന് ഭരിക്കാൻ അറയില്ല. അതുകൊണ്ടാണ് സംസ്ഥാനം സാമ്പത്തികമായി തകർന്നത്. മസാലബോണ്ട് പോലുള്ള തലതിരിഞ്ഞ നയങ്ങളാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം. കേന്ദ്ര സർക്കാരിന്റെ ധനസഹായം ഇല്ലെങ്കിൽ കേരളം പട്ടിണിയായി പോകുമായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരത്തിൽ നടക്കുന്നത് അഴിമതിയും കെടുകാര്യസ്ഥതയുമാണ്. അഴിമതി കൊണ്ട് കേരളം തകർത്തിട്ട് ഡൽഹിയിൽ പോയി സമരം ചെയ്തതുകൊണ്ട് എന്താണ് കാര്യം?. എന്തിനാണ് മുഖ്യമന്ത്രിയും തോമസ് ഐസക്കുമെല്ലാം ഇഡിയെ പേടിച്ച് ഒളിച്ചോടുന്നത്. ബ്രാൻഡിംഗാണ് കേന്ദ്രം നടത്തുന്നതെന്നതാണ് പിണറായിയുടെ വാദം. കേന്ദ്രം ബ്രാൻഡിംഗ് നടത്തിയാൽ കൃത്യമായ കണക്ക് സംസ്ഥാനത്തിന് കൊടുക്കേണ്ടി വരുമെന്നും, മോദിയുടെ അരി പിണറായിയുടെ പടം വെച്ച് കൊടുക്കാനാവില്ലെന്നും അറിയാവുന്നത് കൊണ്ടാണ് ഇത്തരം ബാലിശമായ വാദങ്ങൾ പറയുന്നത്. ധനകാര്യ കമ്മീഷനാണ് സംസ്ഥാനങ്ങളുടെ വിഹിതം തീരുമാനിക്കുന്നതെന്ന വസ്തുത പിണറായി മറച്ചു വക്കുകയാണെന്നും കെ. സുരേന്ദ്രൻ തുറന്നടിച്ചു.
Discussion about this post