ദുബായ്: യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ശക്തമായ മഴ തുടരുന്നു. . ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെയോടെയാണ് ഇടിമിന്നലോടെയുള്ള മഴയും ആലിപ്പഴ വർഷവുമുണ്ടായത്. അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് കനത്ത മഴ അനുഭവപ്പെട്ടത്. ഉം അൽ ഖ്വയ്ൻ, അജ്മാൻ എന്നീ പ്രദേശത്ത് മഴയുടെ ശക്തി താരതമ്യേന കുറവായിരുന്നു.
.
രാജ്യത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ പലയിടത്തും ഗതാഗതം മന്ദഗതിയിലാണ്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈൽ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം നൽകിയിരുന്നു.
ബുധനാഴ്ച വരെ മോശം കാലാവസ്ഥയാണെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇതേ തുടർന്ന് യുഎഇയിൽ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുകയാണ് . സ്‌കൂൾ, കോളേജുകളടക്കം ഓൺലൈൻ ക്ലാസും പ്രഖ്യാപിച്ചു.
. ആലിപ്പഴവർഷത്തോടുകൂടി ഫുജൈറയിലും അൽഐനിലും മഴപെയ്തിരുന്നു. കാറുകളുടെ ചില്ലുകൾ വരെ തകർന്നുപോകുന്ന തരത്തിൽ അൽഐനിലാണ് കൂടുതൽ ആലിപ്പഴവർഷമുണ്ടായത്.
ബീച്ചുകളും താഴ്വാരങ്ങളും തടാകങ്ങളും വെള്ളക്കെട്ടുള്ള സ്ഥലങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറഞ്ഞു. പൊതുജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും അത്യാവശ്യമല്ലാതെ പുറത്തേക്ക് പോകരുതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Discussion about this post