എവരെയും ആകർഷിക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ദ്വീപുകളാണ്. എത്തിപ്പെടാൻ പ്രയാസമെങ്കിലും യാത്ര ഇഷ്ടപ്പെടുന്നവരുടെയെല്ലാം ബക്കറ്റ് ലിസ്റ്റിൽ ഇവ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അത്തരത്തിലൊരു ദ്വീപിന്റെ ചിത്രമാണ് ഇന്ന് ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.
വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒരു രാജ്യമാണ് ഉയരം കുറഞ്ഞ പർവതങ്ങളും ദ്വീപുകളും കൊണ്ട് മനോഹരമായ ക്രൊയേഷ്യ. കടലിന്റെ തീരത്ത് ഒരു ചന്ദ്രക്കലയെ അനുസ്മരിപ്പിക്കുന്ന രാജ്യമാണ് ഇത്. ഈ രാജ്യത്ത് വിരലടയാളം പതിപ്പിച്ചു വച്ചതു പോലെ ഒരു ദ്വീപുണ്ട്. ബാവ്ൽജെനാക് ദ്വീപ് എന്നാണ് ഈ ദ്വീപിന്റെ പേര്.
1000 ഡ്രൈ-സ്റ്റോൺ മെഡിറ്ററേനിയൻ മതിലുകൾ കൊണ്ട് നിർമ്മിച്ചതാണ് ഈ ദ്വീപ്. ഷിബെനിക് ദ്വീപസമൂഹത്തിലെ ബാവ്ൽജെനാക് ദ്വീപ് മുകളിൽ നിന്ന് നോക്കിയാൽ ഒരു വിരലടയാളം പോലെയാണ് തോന്നുക. ഡ്രൈ സ്റ്റോൺ വാലിംഗ് ടെക്‌നിക് ഉപയോഗിച്ച്, ദ്വീപിലെമ്പാടും നിർമ്മിച്ച ചെറു മതിലുകൾ കാരണമാണ് ഈ ദ്വീപുകളെ വിരലടയാളം പോലെ തോന്നുന്നത്. ക്രൊയേഷ്യ തീരത്തിന്റെ മധ്യഭാഗത്തായാണ് ഈ ബാവ്ൽജെനാക് ദ്വീപ് സ്ഥിതി ചെയ്യുന്നത്.
മോർട്ടറോ മറ്റേതെങ്കിലും കെട്ടിട നിർമ്മാണ സാമഗ്രികളോ ഉപയോഗിക്കാതെ ചെറു ഘടനകൾ നിർമ്മിക്കുന്നതിനുള്ള ഒരു സാങ്കേതികതയാണ് ഡ്രൈ സ്റ്റോൺ വാളിംഗ്. കപ്രിജെ ദ്വീപിന് സമീപമാണ് ബാവ്ൽജെനാക് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപിൽ ഇപ്പോൾ മനുഷ്യവാസമില്ല. എന്നാൽ, 19-ാം നൂറ്റാണ്ടിൽ അയൽ ദ്വീപായ കപ്രിജെയിൽ നിന്നുള്ള കർഷകർ ഈ ദ്വീപിൽ കാർഷിക കോളനിവൽക്കരണം ആരംഭിച്ചതായി സൂചനകളുണ്ട്. ഇവിടെയെത്തിയ കർഷകർ ദ്വീപിൽ മുന്തിരിത്തോട്ടങ്ങൾ വച്ച് പിടിപ്പിച്ചു. ഒലിവ് മരങ്ങൾ ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് വലിയൊരു കാർഷിക സംസ്‌കാരം നില നിന്നിരുന്നതിന്റെ ബാക്കി പത്രങ്ങൾ ഇവിടെ ഇപ്പോഴും ഉണ്ട്.
0.14 സ്‌ക്വയർ കിലോമീറ്റർ മാത്രം വലിപ്പമുള്ള ദ്വീപിലെ മതിലിന് 23.357 കിലോമീറ്റർ നീളമുണ്ട്. ദ്വീപിന്റെ തീരപ്രദേശം 1431 മീറ്ററിൽ കൂടുതൽ ഇല്ലെന്ന കാര്യവും നാം മനസിലാക്കണം. കൃഷി ഭൂമിയുടെ അതിരുകൾ നിർണ്ണയിക്കാൻ വേണ്ടിയാണ് ഈ ചെറുകൽമതിലുകൾ നിർമിച്ചിരിക്കുന്നത്. ഈ കൽഭിത്തികൾ ഒലിവ് മരങ്ങളെയും മുന്തിരിവള്ളികളെയും കടലിൽ നിന്നുള്ള ശക്തമായ കാറ്റിൽ നിന്ന് സംരക്ഷിച്ചു. 2018-ൽ യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ബാവ്ൽജെനാക്കിനെ ഉൾപ്പെടുത്തിയിരുന്നു.
Discussion about this post