തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിണറായി വിജയന് ഇരട്ടത്താപ്പാണെന്നും മുഖ്യമ്രന്തിക്ക് പറ്റിയ പണി നാടക കമ്പനി നടത്തലാണെന്നും ഗവർണർ തുറന്നടിച്ചു. എസ്എഫ്‌ഐക്കാരുടെ മോശം പെരുമാറ്റമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
‘മുഖ്യമന്ത്രി ഒരു ഭാഗത്ത് എസ്എഫ്‌ഐക്കാരോട് എനിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ പറയുകയും മറുഭാഗത്ത് എനിക്ക് സുരക്ഷയൊരുക്കാൻ പറയുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണ്. മുഖ്യമന്ത്രിക്ക് പറ്റിയ പണി നാടക കമ്പനി തുടങ്ങുകയാണ്. എസ്എഫ്‌ഐക്കാരുടേത് വളരെ മോശം പെരുമാറ്റമാണ്. എന്നാൽ, എനിക്ക് ഭയമില്ല’- ഗവർണർ വ്യക്തമാക്കി.
തൃശൂർ ഏങ്ങണ്ടിയൂരിൽ ഇന്ന് ഗവർണർക്കെതിരെ വീണ്ടും എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. പതിനഞ്ചോളം പേരാണ് പ്രതിഷേധിച്ച് എത്തിയത്. അതിൽ രണ്ട് വനിത എസ്എഫ്ഐ പ്രവർത്തകരെ ഉൾപ്പെടെ 13 പേരെ പോലീസ് സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കി. ഏങ്ങണ്ടിയൂർ സരസ്വതി വിദ്വാനികേതൻ സെൻട്രൽ സ്‌കൂളിൽ വേലായുധൻ പണിക്കശേരിയുടെ നവതി ആഘോഷത്തിന് എത്തിയതായിരുന്നു ഗവർണർ. അപ്പോഴാണ് പ്രതിഷേധക്കാർ കരിങ്കൊടിയായി പാഞ്ഞ് എത്തിയത്. ഇന്നലെയും ഗവർണർക്കെതിരെ തൃശ്ശൂരിൽ വിവിധ ഇടങ്ങളിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. 57 പേരെയാണ് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോൾ എസ്എഫ്ഐക്കാർ എന്തിനാണ് തന്റെ പുറകെ നടക്കുന്നത് എന്ന് അറിയില്ലെന്നും അതേക്കുറിച്ച് അവരോട് തന്നെ ചോദിക്കണം എന്നുമായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. എസ്എഫ്ഐ പ്രവർത്തകരെ ചിലർ നിർദ്ദേശം നൽകി അയച്ചിരിക്കുകയാണെന്നും ഗവർണർ സൂചിപ്പിച്ചു.
Discussion about this post