തിരുവനന്തപുരം: കിഫ്ബി വായ്പകൾ സർക്കാർ വായ്പയല്ലെന്ന സംസ്ഥാന സർക്കാർ വാദം തള്ളി കംട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ (സി.എ.ജി) റിപ്പോർട്ട്. സ്വന്തം വരുമാനം മാറ്റിയാണ് കിഫ്ബി ബാധ്യതകൾ സർക്കാർ തീർക്കുന്നതെന്നും കിഫ്ബി വഴിയുള്ള കടമെടുപ്പ് സർക്കാരിൻറെ ബാധ്യത കൂട്ടുന്നുവെന്നുമുള്ള റിപ്പോർട്ടുമായി സി എ ജി. 2021-22 സാമ്പത്തിക വർഷത്തിലെ റിപ്പോർട്ടിലാണ് കിഫ്ബിക്കെതിരായ പരാമർശമുള്ളത്. കിഫ്ബിയുടെ കടമെടുപ്പ് ഓഫ് ബജറ്റ് കടമെടുപ്പല്ലെന്ന സർക്കാർ വാദമാണ് സി എ ജി തള്ളിയത്.
സർക്കാർ കടം എടുക്കുന്നതിന്റെ തുകയിൽ ഭീമമായ പങ്കും കടത്തിന്റെ തിരിച്ചടവിനും പലിശയ്ക്കുമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കടവും ബിൽ ഡിസ്‌കൗണ്ടിങ് വഴിയുള്ള ബാധ്യതയും അടക്കം 25,847 കോടി രൂപയാണു സർക്കാർ ബജറ്റിൽ ഉൾപ്പെടുത്താതെ നിയമസഭയിൽ നിന്നു മറച്ചുവച്ചതെന്നും സിഎജി കുറ്റപ്പെടുത്തി.
കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കടം കൂടി ഉൾപ്പെടുത്തുമ്പോൾ 202122ൽ സംസ്ഥാനത്തിന്റെ ആകെ കടം 3.83 ലക്ഷം കോടിയാണ്. റവന്യു വരുമാനത്തിന്റെ 19.98% പലിശയ്ക്കായി വിനിയോഗിക്കുന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുന്ന കണക്കാണ്. കോർപറേഷനുകൾ, കമ്പനികൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ സർക്കാർ നിക്ഷേപിച്ച പണത്തിന് വെറും 1.57% പലിശ മാത്രം കിട്ടിയപ്പോൾ സർക്കാർ എടുത്ത കടങ്ങൾക്കു നൽകേണ്ടി വന്നത് 7.34% പലിശയാണ്.
കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലെന്നും ബജറ്റ് വഴിയുള്ള വരുമാനത്തിൽ നിന്നാണ് കിഫ്ബി കടം തീർക്കുന്നതെന്നും സിഎജി കണ്ടെത്തി. അതുകൊണ്ട് തന്നെ സർക്കാരിൻറെ വാദം സ്വീകാര്യമല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2021-22 കാലയളവിൽ വിവിധ സ്രോതസ്സുകളിൽ നിന്നായി 7762.78 കോടി രൂപയാണ് കിഫ്ബി എടുത്തത്. വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകളും ക്ഷേമ പെൻഷനുകളും കേരളത്തിലെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി സ്ഥാപിച്ച പെൻഷൻ കമ്പനിയായ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് (കെ എസ് എസ് പി എലി)ൻറെ വായ്പയായ 11206.49 കോടി കുടിശ്ശികയും സർക്കാരിൻറെ അധിക ബാധ്യതയാണ്.
Discussion about this post