കോഴിക്കോട്: കേരളഗാന വിവാദത്തിൽ സച്ചിദാനന്ദനെതിരെ കടുത്ത വിമർശനവുമായി കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. കവിതകളിലൂടെ വർഗീയത ഇളക്കി വിടാനാണ് സച്ചിദാനന്ദൻ ശ്രമിക്കുന്നത്. സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും സച്ചിദാനന്ദനെ നീക്കാൻ സാംസ്‌ക്കാരിക മന്ത്രി തയ്യാറാകണമെന്നും കൈതപ്രം വ്യക്തമാക്കി.
സച്ചിദാനന്ദൻ എഴുതിയ ഒരു കവിത മുൻപ് വായിച്ചിട്ടുണ്ട്. ഇത്രയും വൃത്തികെട്ട കവിത മുൻപ് വായിച്ചിട്ടില്ല. സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും സച്ചിദാനന്ദനെ നീക്കണമെന്നും കൈതപ്രം ആവശ്യപ്പെട്ടു.
‘തമ്പിച്ചേട്ടനെ പരിഹസിച്ചുകൊണ്ടുള്ള സംഭവത്തിന് പരിഹാരം ഞാൻ പറയാം. അഞ്ചെട്ട് കൊല്ലം മുൻപ് സച്ചിദാനന്ദന്റെ ഒരുകവിത ഞാൻ വായിച്ചിരുന്നു. ‘നീണ്ട ശവപ്പെട്ടിക്ക് പുറത്തേക്ക് നീണ്ട് നിൽക്കുന്ന കാലുകൾ. അത് നീലനിറമായത് കൊണ്ട് കൃഷ്ണനാണെന്ന് രാധ തിരിച്ചറിഞ്ഞു’. ഇത്രയും വൃത്തികെട്ട കവിത ഞാൻ മുൻപ് വായിച്ചിട്ടില്ല. ആളുകളെ എങ്ങനെയും ഇളക്കി കയ്യും കാലും വെട്ടിക്കാനുള്ള ഒരു പരിപാടിയാണിത്. ഇപ്പോളത്തെ കേരളഗാനത്തിന് പരിഹാരമായി ആ കവിത കൊടുത്താൽ മതി. അത് കൊടുത്ത് വിഷയം പരിഹരിക്കണമെന്നാണ് ഞാൻ എന്റെ അഭിപ്രായം’- കൈതപ്രം വ്യക്തമാക്കി.
ശ്രീകുമാരൻ തമ്പിക്കെതിരായ സച്ചിദാനന്ദന്റെ പരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരുന്നത്. സർക്കാരിന് വേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയ കേരളഗാനം ക്ലീഷേ ആണെന്നായിരുന്നു സച്ചിദാനന്ദന്റെ പരാമർശം. അതുകൊണ്ട് തന്നെ ശ്രീകുമാരൻ തമ്പിയെഴുതിയ പാട്ട് സാഹിത്യ അക്കാദമി തള്ളിയെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു. എന്നാൽ, കേരളഗാനത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നിയമസഭയിലടക്കം മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.
Discussion about this post