തിരുവനന്തപുരം: വീണ വിജയന്റെ മാസപ്പടി കേസിൽ മറു കണ്ടം ചാടി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വീണ വിജയൻ നൽകിയ ഹർജിയിൽ താൻ മറുപടി പറയേണ്ട ആവശ്യമില്ലന്നും അവരുടെ കമ്പനിയാണ്, അതേ കുറിച്ച് അവർ നോക്കിക്കോളുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എക്‌സാലോജിക്കിനെതിരായ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെയാണ് വീണ വിജയനെ തള്ളി എംവി ഗോവിന്ദന്റെ പരാമർശം.
‘അത് അവര്, അവരുടെ കമ്പനി, അവരൊക്കെ ആ വിഷയം നോക്കും. താൻ അതിൽ മറുപടി പറയേണ്ട കാര്യമില്ല. പിണറായി വിജയനുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രമേ പ്രതികരിച്ചിട്ടുള്ളൂ’- അദ്ദേഹം വ്യക്തമാക്കി.
ഒരു സ്ത്രീയെന്ന് പോലും നോക്കാതെ വീണ വിജയനെ കുരുക്കിലാക്കുന്നു എന്നായിരുന്നു നേരെത്ത എംവി ഗോവിന്ദൻ പറഞ്ഞിരുന്നത്. വീണ വിജയനിലൂടെ മുഖ്യമന്ത്രിയിലേക്ക് എത്താൻ ആണ് നോക്കുന്നത്. വ്യാജപ്രചരണമാണ് വീണയുടെ കമ്പനിക്കെതിരെ നടക്കുന്നത്. കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ തട്ടിപ്പില്ലെന്നും എസ്എഫ്‌ഐഒ ഇത് അന്വേഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, കോടതി വിധി വന്നതോടെ എംവി ഗോവിന്ദൻ വീണയെ കൈയ്യൊഴിഞ്ഞു.
ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് സിഎംആർഎൽ കമ്പനിയുമായുള്ള ഇടപാടിന് മേൽ നടക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ സമർപ്പിച്ച ഹർജി തള്ളിയത്. ഹർജി തള്ളുകയാണ്. പൂർണമായ വിധി പകർപ്പ് നാളെ രാവിലെ അപ്ലോഡ് ചെയ്യാമെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന അറിയിച്ചത്.
Discussion about this post