മുംബൈ: ഇടപാടുകൾ അവസാനിപ്പിക്കാൻ പേടിഎമ്മിന് ആർബിഐ സമയം നീട്ടി നൽകി. മാർച്ച് 15 വരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. വ്യാപാരികളുടെയും ഉപയോക്താക്കളുടെയും ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് തീരുമാനം. ഫെബ്രുവരി 29-നകം പ്രവർത്തനം അവസാനിപ്പിക്കാൻ പേടിഎം പേയ്മെന്റ് ബാങ്കിനോട് ആർബിഐ ആവശ്യപ്പെട്ടിരുന്നു.
പേടിഎം ഉപയോക്താക്കൾക്ക് ബദൽ ബാങ്കുകളിലേക്ക് മാറ്റാൻ ഇതോടെ കൂടുതൽ സമയം ലഭിക്കും. അതേസമയം, മാർച്ച് 15ന് ശേഷവും വാലറ്റിലെ തുക തീരുന്നത് വരെ ഉപയോക്താക്കൾക്ക് പേടിഎം ഉപയോഗിക്കാമെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്. തടസ്സങ്ങളില്ലാത്ത വ്യാപാരികളുടെ സെറ്റിൽമെന്റുകൾ ഉറപ്പാക്കാനും അക്കൗണ്ട് പുതിയ ബാങ്കിലേക്ക് മാറ്റുന്നതിനുമായുള്ള നടപടികൾ പേടിഎം ഇതിനകം തുടങ്ങിക്കഴിഞ്ഞു.
ക്യൂ ആർ കോഡുകൾ, സൗണ്ട് ബോക്‌സുകൾ, കാർഡ് മെഷീനുകൾ എന്നിവ മാർച്ച് 15ന് ശേഷവും പ്രവർത്തനം തുടരുമെന്ന് കമ്പനി ഉപയോക്താക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. മാർച്ച് 15ന് ശേഷം പുതിയ ഡെപ്പോസിറ്റുകൾ പേടിഎം സ്വീകരിക്കില്ല. സമയപരിധിക്ക് ശേഷം ശമ്പള ക്രെഡിറ്റുകൾ സ്വീകരിക്കില്ല. മാർച്ച് പകുതിയോടെ മറ്റൊരു ബാങ്കുമായി ബദൽ ക്രമീകരണങ്ങൾ ചെയ്യാൻ ആർബിഐ ഉപയോക്താക്കൾക്ക് നിർദേശം നൽകി.
റിസർവ് ബാങ്ക് അന്വേഷണത്തിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പേടിഎമ്മിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട് വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് ഇഡി അന്വേഷണം നടത്തുന്നത്. കൃത്യമായ രേഖകൾ ഇല്ലാതെ അക്കൗണ്ടുകൾ സൃഷ്ടിച്ചെന്നും വിവിധ ഓഡിറ്റ് റിപ്പോർട്ടുകളിൽ സ്ഥാപനം തുടർച്ചയായി ചട്ടലംഘനങ്ങൾ നടത്തിയെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ആർ ബി ഐ വിലക്ക്. ഈ നടപടി പുനപരിശോധിക്കില്ലെന്ന് ആർബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post