കോഴിക്കോട്: നെടുമണ്ണൂർ സ്‌കൂളിൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ പൂജ തടഞ്ഞവർക്കെതിരെയുള്ള നിയമപാലകരുടെ നിശബ്ദത ഭയപ്പെടുത്തുന്നതാണെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. സ്‌കൂളിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി നേരിടുന്നതിന് പകരം പൂജ അലങ്കോലപ്പെടുത്തിയത് അംഗീകരിക്കാനാകില്ല. ഇത്തരം അക്രമങ്ങളെ നിയമനടപടികളിലൂടെ നേരിട്ട് നിയമം നടപ്പാക്കേണ്ട നിയമപാലകരുടെ നിശബ്ദത ഭയപ്പെടുത്തുകയാണ്. ഇത്തരം പ്രവണതകൾ തുടർന്നാൽ കേരളത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘സ്‌കൂളിലെ പുതിയ ബ്ലോക്കിന്റെ നവീകരണത്തിന് ശേഷം മാനേജരുടെ നേതൃത്വത്തിൽ നടത്തിയ പൂജയാണ് അലങ്കോലമാക്കിയത്. മാനേജരുടെ വ്യദ്ധനായ പിതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. അദ്ദേഹത്തിന്റെ ഫോൺ തല്ലിത്തകർത്തു. മഹാകുറ്റകൃത്യം ചെയ്തെന്ന രീതിയിൽ ആർഎസ് എസിന്റെ പൂജയാണെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടത്തിനാണ് ചിലർ ശ്രമിച്ചത്. ഇത്തരം നടപടികൾ കേരളസമൂഹം അനുവദിച്ചുതരില്ല.
ന്യൂനപക്ഷ സമൂഹങ്ങളുടെ നിയന്ത്രണത്തിലുള്ള എയ്ഡഡ് വിദ്യാലയങ്ങളിൽ അവരുടെ വിശ്വാസ പ്രകാരം വെഞ്ചിരിപ്പും പ്രാർത്ഥനകളും നടക്കാറുണ്ട്. എന്നാൽ, ഗണപതി ഹോമം അക്രമികൾ സംഘടിച്ചെത്തി തടഞ്ഞത് ഹൈന്ദവസമൂഹം ഒരു ആചാരവും ചെയ്യരുതെന്ന താക്കീതാണ്. ഇത് അംഗീകരിക്കാനാകില്ല. ഹിന്ദു വിശ്വാസങ്ങൾക്കെതിരെയുള്ള കടന്നുകയറ്റങ്ങൾ എതിർക്കപ്പെടേണ്ടതാണ്’- അദ്ദേഹം പറഞ്ഞു. സ്‌കൂൾ മാനേജരേയും കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദർശിച്ചു. കൊളത്തൂർ അദ്വൈതാശ്രമം പ്രസിഡന്റ് എം.കെ. രജീന്ദ്രനാഥ്, അജിത്ത് പെരുമുണ്ടശ്ശേരി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Discussion about this post