തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം അതിവേഗത്തിൽ പൂർത്തിയാക്കി സിപിഎം. നാല് സീറ്റുകൾ ഒഴികെ ബാക്കിയുള്ള മുഴുവൻ സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികളെ തീരുമാനിച്ചെന്നാണ് വിവരം. ഒരു പോളിറ്റ് ബ്യൂറോ അംഗവും മന്ത്രിയും ഉൾപ്പെടെ അടങ്ങുന്നതാണ് സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടിക.
ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണനെ നിർത്താൻ തീരുമാനിച്ചിട്ടുണ്ട്. വടകരയിൽ കേന്ദ്രകമ്മിറ്റി അംഗമായ കെ.കെ ശൈലജയെ രംഗത്ത് ഇറക്കാനാണ് തീരുമാനം. കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, എളമരം കരീം എന്നിവർ പത്തനംതിട്ടയിലും, കോഴിക്കോടും മത്സരിച്ചേക്കും. തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി ജോയ് ആറ്റിങ്ങലിനാണ് സാദ്ധ്യത.ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ കാസർകോട് മണ്ഡലത്തിലും കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂരിലും മത്സരത്തിന് ഇറങ്ങുമെന്നാണ് വിവരം. കൊല്ലത്ത് സിനിമാ നടനും എംഎൽഎയുമായ മുകേഷിന് നിർത്താൻ ധാരണയായിട്ടുണ്ട്.
ഇടുക്കിയിൽ ജോയ്‌സ് ജോർജിനെ ആണ് പാർട്ടി വീണ്ടും രംഗത്ത് ഇറക്കുന്നത്. ആലപ്പുഴയിൽ ആരിഫ് തന്നെയായിരിക്കും സ്ഥാനാർത്ഥി.
അതേസമയം പൊന്നാനിയിൽ ആരെ നിർത്തുമെന്നകാര്യത്തിൽ ധാരണയായിട്ടില്ലെങ്കിലും ജലീലിന് ആണ് സാദ്ധ്യതയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ചാലക്കുടിയിൽ മുൻമന്ത്രി രവീന്ദ്രനാഥിനെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. സിനിമാ താരം മജ്ഞുവാര്യരും ഈ മണ്ഡലത്തിൽ പരിഗണനയിൽ ഉണ്ട്. നടൻ ഇന്നസെന്റ് മത്സരിച്ച് വിജയിച്ച മണ്ഡലമാണ് ഇത്. ഇത് കണക്കിലെടുത്താണ് മഞ്ജുവാര്യരെ മത്സരിപ്പിക്കാൻ നീക്കം നടത്തുന്നത്. എന്നാൽ ഇതിനോട് നടി പ്രതികരിച്ചിട്ടില്ല.
എറണാകുളത്ത് മത്സരിപ്പിക്കേണ്ട സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പാറപ്പള്ളി, കെഎസ് അരുൺകുമാർ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. പൊതുസമ്മതനും പരിഗണനയിൽ ഉണ്ട്.
Discussion about this post