തിരുവനന്തപുരം: പേട്ടയിൽ നിന്നും രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങൾ. രാത്രി 12 ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇവർക്കിടയിൽ കുഞ്ഞുണ്ടെന്നാണ് പോലീസ് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
ബ്രഹ്‌മോസിന് സമീപത്ത് നിന്നാണ് സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരിക്കുന്നത്. കുട്ടിയെ കാണാതായ സ്ഥലത്തിന് അടുത്താണ് ബ്രഹ്‌മോസ്. മുട്ടത്തറ- ഈഞ്ചക്കൽ സർവ്വീസ് റോഡിലെ ഇന്ത്യൻ ഓയിലിന്റെ ട്രിവാൻഡ്രം ഡിവിഷണൽ ഓഫീസിൽ നിന്നാണ് ദൃശ്യങ്ങൾ ശേഖരിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ രണ്ട് പേർ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടുവെന്ന് വ്യക്തമാക്കി യുവാവ് രംഗത്ത് വന്നിരുന്നു. ഇതും സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ പോലീസിന് ആശാവഹമാണ്.
യുവാവിൽ നിന്നും പോലീസ് കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കുകയാണ്. ഇതിനായി യുവാവിനെ സ്‌റ്റേഷനിലേക്ക് എത്തിച്ചിട്ടുണ്ട്. രാത്രി 12.30 ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ രണ്ട് പേർ കുട്ടിയുമായി പോകുന്നത് കണ്ടുവെന്നാണ് ഇയാളുടെ മൊഴി. ഇതിനിടെ കുട്ടിയെ കണ്ടുവെന്ന് വ്യക്തമാക്കി ഈഞ്ചയ്ക്കലിലുള്ള കുടുംബവും പോലീസ് സ്‌റ്റേഷനിൽ എത്തിയിട്ടുണ്ട്.
അതേസമയം കാണാതായി 12 മണിക്കൂറോളം പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. ദൃക്‌സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ കേസിൽ എന്തെങ്കിലും തുമ്പുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Discussion about this post