കണ്ണൂർ; ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎമ്മിന് പങ്കില്ലെന്ന് എൽഡിഎഫ് കൺവീനര് ഇപി ജയരാജൻ.കോടതി ശിക്ഷിച്ചത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ലെന്നും കുഞ്ഞനന്തൻ ഉറുമ്പിനെ പോലും നോവിക്കാത്ത ലോലഹൃദയത്തിന്റെ ഉടമയാണെന്നും ജയരാജൻ ഫേയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.ഹൈക്കോടതി വിധി വെച്ച് വീണ്ടും സിപിഎമ്മിനെ വേട്ടയാടാൻ ശ്രമമെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.
ടി പി കേസിൽ ഉൾപ്പെട്ട പലരും നിരപരാധികളാണെന്നും ഇപി ജയരാജൻ പറഞ്ഞു. കേസിൽ ഉൾപ്പെട്ട നിരപരാധികളായവർക്ക് അത് തെളിയിക്കാൻ ഇനിയും അവസരമുണ്ട്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വിചാരണക്കോടതി വെറുതെ വിട്ടത് റദ്ദാക്കണമെന്ന് കാണിച്ച് ടിപി ചന്ദ്രശേഖരൻറെ ഭാര്യ രമ നൽകിയ ഹർജി തള്ളിയതും സിപിഐ എം ഗൂഢാലോചന എന്ന വാദം പൊളിക്കുന്നതാണെന്നും ഇപി ജയരാജൻ പറഞ്ഞു.
ഇപി ജയരാജൻറെ ഫേയ്‌സ്ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം
‘ടി പി ചന്ദ്രശേഖരൻ വധക്കേസിൽ സമർപ്പിച്ച അപ്പീൽ ഹർജികളിൽ ഹൈക്കോടതി വിധി പുറത്ത് വന്നിരിക്കുന്നു. ഇത് വെച്ച് വീണ്ടും സിപിഐഎമ്മിനെ വേട്ടയാടാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. ഒരു കാര്യം ആവർത്തിച്ച് പറയാം. ഈ കൊലപാതകത്തിൽ സിപിഐഎമ്മിന് ഒരു പങ്കുമില്ല. അത് അന്നും ഇന്നും ആവർത്തിച്ച് പറയുന്നു. സിപിഐ എമ്മിനെയും സിപിഐഎം നേതാക്കളേയും പ്രവർത്തകരേയും അനുഭാവികളെയും വേട്ടയാടാനാണ് സംഭവം നടന്ന അന്ന് മുതൽ എതിരാളികൾ ശ്രമിച്ചത്. നിരപരാധികളായ പലരേയും വേട്ടയാടി. അതിപ്പോഴും തുടരുന്നുവെന്ന് മാത്രം. ഒരു കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഏതൊരു പ്രതിക്കും സ്വന്തം നിരപരാധിത്വം തെളിയിക്കാൻ അവസരമുണ്ട്. അതിന് അപ്പീൽ നൽകുന്നതും കോടതികളുടെ തുടർ വിധികൾ ഉണ്ടാകുന്നതും സ്വാഭാവിക നടപടികളുമാണ്. ഈ കേസിൽ തന്നെ പ്രതികൾക്ക് ഇനിയും അപ്പീൽ നൽകാനുള്ള അവസരവുമുണ്ട്.
കോടതി ശിക്ഷിച്ചുവെന്നത് കൊണ്ടുമാത്രം ഒരാൾ കുറ്റവാളിയാകണമെന്നില്ല എന്നതിന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഉദാഹരണമായി ഗുരുവായൂരിൽ ഒരു ആർഎസ്എസുകാരൻ കൊല്ലപ്പെട്ട കേസിലെ ശിക്ഷാവിധി നോക്കിയാൽ മതിയാകും. അഞ്ച് സിപിഐഎം പ്രവർത്തകരെയാണ് അന്ന് ശിക്ഷിച്ച് ജയിയിലിടച്ചത്. വർഷങ്ങൾക്ക് ശേഷം മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ ഒരു പ്രതിയിൽ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ച് ശിക്ഷിക്കപ്പെട്ട അഞ്ച് സിപിഐഎം പ്രവർത്തകർ നിരപരാധികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മനസിലായി. ആ പ്രതി അന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. ആ വിവരം കോടതിക്ക് മുമ്പാകെ റിപ്പോർട്ടായി സമർപ്പിക്കുകയും ചെയ്തു. ഒരു തീവ്രവാദ സംഘടന കൊലപാതകം നടത്തുകയും അത് സിപിഐ എം പ്രവർത്തകരുടെ തലയിൽ കെട്ടിവെക്കുകയുമായിരുന്നുവെന്ന് പിന്നീട് ശാസ്ത്രീയ അന്വേഷണത്തിൽ വ്യക്തമായി. ഒടുവിൽ കോടതി സിപിഐ എം പ്രവർത്തകരെ നിരുപാധികം ജയിലിൽ നിന്ന് മോചിപ്പിച്ചു.
ഇതൊരു ഉദാഹരണമായി പറയുന്നുവെന്ന് മാത്രം. ഈ കേസിൽ തന്നെ ശിക്ഷിക്കപ്പെട്ട സിപിഐ എം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന അന്തരിച്ച പി കെ കുഞ്ഞന്തൻ. ഒരു ഉറുമ്പിനെ പോലും നോവിക്കാൻ ശ്രമിക്കാത്ത ലോലഹൃദയത്തിൻറെ ഉടമയായിരുന്നു. എന്നിട്ടും രാഷ്ട്രീയ വൈരാഗ്യത്തിൻറെ പേരിൽ പ്രതിയാക്കി. ഇങ്ങനെ ഈ കേസിൽ ഉൾപ്പെട്ടവരിൽ പലരും നിരപരാധികളാണ്. അവർക്ക് അവരുടെ നിരപരാധിത്വം തെളിയിക്കാൻ ഇനിയും അവസരമുണ്ട്.സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വിചാരണക്കോടതി വെറുതെ വിട്ടത് റദ്ദാക്കണമെന്ന് കാണിച്ച് ചന്ദ്രശേഖരന്റെ ഭാര്യ രമ നൽകിയ ഹർജി തള്ളിയതും സിപിഐ എം ഗൂഢാലോചന എന്ന വാദം പൊളിക്കുന്നതാണ്’
Discussion about this post